ധാക്ക : കഴിഞ്ഞ കുറേ ദിവസങ്ങളായി ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ രൂക്ഷമാവുകയാണ്. ഇപ്പോൾ, ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെ തീവ്രവാദികളുടെ ഒരു സംഘം ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും പിന്നീട് തീകൊളുത്തുകയും ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
50 വയസ്സുള്ള ഖോകാൻ ദാസിനെയാണ് ജനക്കൂട്ടം ആക്രമിക്കുകയും തീകൊളുത്തുകയും ചെയ്തത് . കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം.ഖോകാൻ ദാസ് വീട്ടിലേക്ക് പോകുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെതിരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. നേരത്തെ, ഡിസംബർ 24 ന്, ബംഗ്ലാദേശിലെ കലിമോഹർ യൂണിയനിലെ ഹുസൈൻഡംഗ പ്രദേശത്ത് 29 വയസ്സുള്ള അമൃത് മണ്ഡലിനെ കൊലപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, ഡിസംബർ 18 ന്, മൈമെൻസിംഗിൽ ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി, റോഡിന്റെ നടുവിലുള്ള മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തിയിരുന്നു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ തുടർച്ചയായ പീഡനങ്ങൾക്കെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടക്കുന്നുണ്ട് . ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ നിരവധി ഇന്ത്യൻ നേതാക്കളും അപലപിക്കുകയും സർക്കാരിൽ നിന്ന് നയതന്ത്ര നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

