കാബൂൾ ; മൂന്ന് വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അഫ്ഗാനിസ്ഥാൻ വനിതാ ടീം ക്രിക്കറ്റ് കളത്തിലിറങ്ങുന്നു.2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തപ്പോഴാണ് സ്ത്രീകൾ കായിക മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്. ഇതോടെ അഫ്ഗാനിസ്ഥാൻ്റെ വനിതാ ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നങ്ങളാണ് തകർന്നത്.
വനിതാ കളിക്കാരുടെ വീടുകളും റെയ്ഡ് ചെയ്യപ്പെട്ടു. പിന്നീട് പല കളിക്കാരും തങ്ങളുടെ ഐഡൻ്റിറ്റി പുറത്തുവരുമെന്ന ഭയത്താൽ അവരുടെ ക്രിക്കറ്റ് ജഴ്സികളും കിറ്റുകളും കത്തിച്ചു.വനിതാ ക്രിക്കറ്റ് താരങ്ങൾ മറ്റ് രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തു.
ഇതിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമുമായി ഒരു തരത്തിലുള്ള പരമ്പരയും നടത്തില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചിരുന്നു . അതിനുശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ഐസിസി മത്സരങ്ങളിൽ മാത്രമാണ്. എന്നാൽ ഇപ്പോൾ അഫ്ഗാനിസ്ഥാൻ്റെ വനിതാ ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നങ്ങൾ വീണ്ടും പറന്നുയരുകയാണ്. മൂന്ന് വർഷത്തിന് ശേഷം അഫ്ഗാൻ വനിതാ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ ടി20 മത്സരങ്ങൾ കളിക്കാൻ തയ്യാറെടുക്കുകയാണ്.
2021 നവംബറിലാണ് അഫ്ഗാനിസ്ഥാൻ വനിതാ ടീം അവസാനമായി ഒരു മത്സരം കളിച്ചത്. ഇതിനു പിന്നാലെ ടീം പിരിച്ചുവിട്ടു. എന്നാൽ ഓസ്ട്രേലിയയിൽ താമസിക്കുന്ന അഫ്ഗാൻ താരങ്ങൾ ക്രിക്കറ്റ് വിട്ടിരുന്നില്ല. ഇപ്പോൾ ഇവർ ‘ക്രിക്കറ്റ് വിത്തൗട്ട് ബോർഡേഴ്സ് ഇലവൻ’ ടീമിനെതിരെ ടി-20 മത്സരം കളിക്കാൻ തയ്യാറായി കഴിഞ്ഞു. ഇതിൽ നഹിദ സപാൻ ടീമിനെ നയിക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയൻ ഗവൺമെന്റുമാണ് തങ്ങളുടെ സ്വപ്നങ്ങൾ ചിറകുകൾ നൽകിയതെന്നാണ് അഫ്ഗാൻ താരങ്ങളുടെ പ്രതികരണം.