ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം വർദ്ധിക്കുന്നു. ദേശീയ തലത്തിൽ ടെസ്റ്റിനായുള്ള കാത്തിരിപ്പ് 27.3 ആഴ്ചയായി ( 6-7 മാസം) ഉയരുന്നുണ്ടെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ ആലോചിച്ചുവരികയാണ് അധികൃതർ.
ഏപ്രിൽ മാസം വരെയുള്ള റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുകളിൽ പരിശോധിച്ചാൽ 83,000 ലധികം പേരാണ് ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 58,860 ആയിരുന്നു.
2025 ജനുവരിയിൽ ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം 72,414 ആയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഇത് 83,468 ലേക്ക് ഉയർന്നു. ഉടനടി ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ കാത്തിരിക്കുന്നവരുടെ എണ്ണവും കാത്തിരിപ്പ് സമയവും ഇനിയും വർദ്ധിക്കും.
കഴിഞ്ഞ വർഷം ഏപ്രിലിൽ കാത്തിരിപ്പ് സമയം 14.9 ആഴ്ചയായിരുന്നു. ഇത് 10-12 ആഴ്ചയാക്കി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ ലക്ഷ്യം. എന്നാൽ 2022 ജൂലൈയിൽ മാത്രമാണ് അതോറിറ്റിയ്ക്ക് ഇതിന് കഴിഞ്ഞത്.

