ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയുടെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന യുവാവ് പിടിയിൽ . അരുൺ (24) ആണ് ചെന്നൈ പനയൂരിലുള്ള വിജയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത് . അരുൺ മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് പറയപ്പെടുന്നു.
വൈ കാറ്റഗറി സുരക്ഷയുള്ള താരമാണ് വിജയ് . അദ്ദേഹത്തിന്റെ വീട് നിരീക്ഷണ ക്യാമറകളാൽ ചുറ്റപ്പെട്ടിരിക്കുന്നതുമാണ് . സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ അരുൺ പിൻ ഗേറ്റിലൂടെ അകത്തുകടന്നതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ആരും ശ്രദ്ധിക്കാതെ രണ്ട് ദിവസം കെട്ടിടത്തിന്റെ ടെറസിൽ അരുൺ താമസിച്ചു. പതിവ് വ്യായാമത്തിനായി ടെറസിൽ എത്തിയപ്പോൾ വിജയിയെ അരുൺ ആലിംഗനം ചെയ്യുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടി നീലങ്കരൈ പോലീസിന് കൈമാറി. യുവാവ് നിലവിൽ കിൽപോക്കിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പ്രാഥമിക അന്വേഷണത്തിൽ ചെങ്കൽപ്പേട്ട് ജില്ലയിലെ മധുരാന്തകം സ്വദേശിയാണ് അരുൺ എന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മധുരാന്തകം സ്വദേശിയായ രാജയുടെ മകനാണ് അരുൺ. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു. ഈ വിഷയത്തിൽ വിജയ് ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.

