വാഷിംഗ്ടൺ: ബംഗ്ലാദേശിലെ ഹൈന്ദവ, ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും, അമേരിക്കയിൽ താൻ അധികാരത്തിലെത്തിയാൽ ഇന്ത്യയുമായി മികച്ച സഹകരണം ഉറപ്പ് നൽകുന്നുവെന്നും ട്രമ്പ് പറഞ്ഞു. ദീപാവലി ആശംസകൾ നേരുന്നതിനിടെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കൂടിയായ ട്രമ്പിന്റെ പ്രതികരണം.
ബംഗ്ലാദേശിൽ കലാപകലുഷിതമായ അന്തരീക്ഷം തുടരുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും പ്രസിഡന്റ് ജോ ബൈഡനും അമേരിക്കയിലെയും ലോകത്ത് എല്ലായിടത്തെയും ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രമ്പ് കുറ്റപ്പെടുത്തി.
ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും വലിയ തോതിൽ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയുമാണ്. ഇതിനെ താൻ ശക്തമായി അപലപിക്കുകയാണെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ഇത് ആദ്യമായാണ് ഡൊണാൾഡ് ട്രമ്പ് പ്രതികരിച്ചിരിക്കുന്നത്. കലാപത്തിൽ നൂറു കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം അനുവദിക്കില്ലായിരുന്നു. ഇസ്രയേൽ വിഷയത്തിലും യുക്രെയ്ൻ വിഷയത്തിലും നിലവിലെ അമേരിക്കൻ സർക്കാർ പരാജയമാണ്. താൻ അധികാരത്തിലെത്തിയാൽ സർവ്വശക്തിയും ഉപയോഗിച്ച് അമേരിക്കയെ പൂർവ്വപ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ലോകത്ത് സമാധാനം സ്ഥാപിക്കുമെന്നും ട്രമ്പ് പറഞ്ഞു.
അതേസമയം, ഓഗസ്റ്റ് 5ന് ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ ആരംഭിച്ച കലാപം ഒരു ഇടവേളക്ക് ശേഷം വീണ്ടും ശക്തി പ്രാപിക്കുകയാണ്. കലാപകാരികളെ ഭയന്ന് പ്രസിഡന്റ് ഷെയ്ഖ് ഹസീന രാജ്യം വിട്ട് പലായനം ചെയ്തിരുന്നു. തുടർന്ന് അധികാരമേറ്റ സർക്കാരും കലാപം അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്.