കൊൽക്കത്ത : ലോകത്തിന് മുന്നിൽ പാകിസ്ഥാനെ തുറന്നുകാട്ടാൻ പോകുന്ന ബഹുകക്ഷി പാർലമെന്ററി സംഘത്തിലേക്ക് ടിഎംസിയിൽ നിന്ന് എംപി അഭിഷേക് ബാനർജിയെ അയയ്ക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ടിഎംസി മേധാവി മമത ബാനർജിയെ വിളിച്ച് ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘത്തിലേക്ക് പ്രതിനിധിയെ അയക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം.
നേരത്തെ, ഏഴ് നയതന്ത്ര പ്രതിനിധികളിൽ ഒന്നിൽ തൃണമൂൽ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനെ കേന്ദ്രം നാമനിർദ്ദേശം ചെയ്തിരുന്നു. എന്നാൽ ടി എം സി അംഗങ്ങൾ ഇതിനായി പോകുന്നില്ലെന്നായിരുന്നു മമതയുടെ നിലപാട് . എന്നാൽ ഇപ്പോൾ എതിർപ്പുകൾക്കിടയിലും യൂസഫിന് പകരം അഭിഷേക് ബാനർജിയെ അയയ്ക്കാൻ ടിഎംസി തീരുമാനിച്ചിരിക്കുകയാണ് . സര്‍വകക്ഷി സംഘങ്ങളിലേക്ക് പാര്‍ട്ടി ആരെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് കേന്ദ്രം തീരുമാനിക്കരുതെന്ന് മമത പറഞ്ഞിരുന്നു.
ബൈജയന്ത് പാണ്ഡ (ബിജെപി), രവിശങ്കർ പ്രസാദ് (ബിജെപി), സഞ്ജയ് കുമാർ ഝാ (ജെഡിയു), ശ്രീകാന്ത് ഷിൻഡെ (ശിവസേന), ശശി തരൂർ (കോൺഗ്രസ്), കനിമൊഴി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി-എസ്പി) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൊത്തം 32 രാജ്യങ്ങളും ബെൽജിയത്തിലെ ബ്രസ്സൽസിലുള്ള യൂറോപ്യൻ യൂണിയൻ ആസ്ഥാനവും സന്ദർശിക്കും
ഓരോ പ്രതിനിധി സംഘത്തിലും ആറ് മുതൽ എട്ട് വരെ രാഷ്ട്രീയക്കാർ ഉൾപ്പെടുന്നു. അവരെ സഹായിക്കാൻ ഒരു മുൻ നയതന്ത്രജ്ഞനും ഉണ്ടാകും. 51 രാഷ്ട്രീയക്കാരിൽ 31 പേർ ഭരണകക്ഷിയായ എൻഡിഎ പാർട്ടിയിൽ നിന്നുള്ളവരാണ്, ബാക്കിയുള്ള 20 പേർ മറ്റ് പാർട്ടികളിൽ നിന്നുള്ളവരാണ്. ഏഴ് പ്രതിനിധി സംഘങ്ങളിലും കുറഞ്ഞത് ഒരു മുസ്ലീം പ്രതിനിധിയും ഉണ്ടാകും.

