ലക്നൗ : മഹാകുംഭമേളയുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പ്രത്യേക ട്രെയിൻ സർവീസുകളുമായി ഇന്ത്യൻ റെയിൽ വേ .പ്രയാഗ്രാജ് ജംക്ഷൻ, സുബേദർഗഞ്ച്, നൈനി, പ്രയാഗ്രാജ് ചിയോകി, പ്രയാഗ് ജംക്ഷൻ, ഫാഫമൗ, പ്രയാഗ്രാജ് രാംബാഗ്, പ്രയാഗ്രാജ് സംഗം, ജുൻസി എന്നിങ്ങനെ ഒൻപത് റെയിൽവേ സ്റ്റേഷനുകളിലായി ആകെ 560 ടിക്കറ്റിങ് പോയിൻ്റുകൾ ലഭ്യമാക്കിയതായി നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ ഉപേന്ദ്ര ചന്ദ്ര ജോഷി പറഞ്ഞു.
ഇവ വഴി ഏകദേശം 10 ലക്ഷം ടിക്കറ്റുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു . മഹാ കുംഭമേള കണക്കിലെടുത്ത് 15 ദിവസം മുമ്പ് റെയിൽവേ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം റെയിൽവേ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.10,000-ലധികം റെഗുലർ ട്രെയിനുകളും 3000-ലധികം പ്രത്യേക ട്രെയിനുകളും സർവീസ് നടത്തും. ഈ 3,000 സ്പെഷ്യൽ ട്രെയിനുകളിൽ 1800 ട്രെയിനുകൾ ഹ്രസ്വദൂരത്തിനും 700 ട്രെയിനുകൾ ദീർഘദൂരത്തിനും 560 ട്രെയിനുകൾ റിംഗ് റെയിലിനുമാണ്.
പ്രയാഗ്രാജ് ജംഗ്ഷനിൽ ആറ് കിടക്കകളുള്ള ഹോസ്പിറ്റൽ നിരീക്ഷണ മുറി സജ്ജീകരിച്ചിട്ടുണ്ടെന്ന് റെയിൽ വേ അറിയിച്ചു. യാത്രക്കാർക്ക് വൈദ്യസഹായം നൽകുന്നതിനായി ഓക്സിജൻ സിലിണ്ടറുകൾ, കോൺസെൻട്രേറ്ററുകൾ, ഇസിജി മെഷീനുകൾ, ഗ്ലൂക്കോമീറ്ററുകൾ, നെബുലൈസറുകൾ, സ്ട്രെച്ചറുകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി കൺട്രോൾ റൂമുകളിൽ തത്സമയ ദൃശ്യങ്ങൾ സഹിതം 1,186 സിസിടിവി ക്യാമറകൾ സജ്ജമാക്കി. ഇതിൽ 116 ക്യാമറകളിൽ സാമൂഹിക വിരുദ്ധരെ തിരിച്ചറിയാൻ AI അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനവുമുണ്ട്.