ഹൈദരാബാദ് ; ഹൈദരാബാദിലെ ഒരു ഹോട്ടൽ പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ വെങ്കിടേഷ് ദഗ്ഗുബതി, അനന്തരവനും സഹനടനുമായ റാണ ദഗ്ഗുബതി, നിർമ്മാതാവ് ഡി സുരേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് . പ്രാദേശിക കോടതിയുടെ നിർദ്ദേശപ്രകാരം ഫിലിംനഗർ പോലീസാണ് എഫ്ഐആർ ഫയൽ ചെയ്തത്.
ക്രിമിനൽ ഗൂഢാലോചന, വീട്ടിൽ അതിക്രമിച്ചു കയറൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
2014 ൽ ഫിലിംനഗറിലെ ഭൂമി ദഗ്ഗുബതി കുടുംബം തനിക്ക് പാട്ടത്തിന് നൽകിയതാണെന്ന് ഹോട്ടൽ ഉടമ പരാതിയിൽ പറയുന്നു. എന്നാൽ ഹോട്ടൽ ബിസിനസ് ആരംഭിച്ചു കഴിഞ്ഞ ശേഷം വെങ്കിടേഷും കുടുംബവും തന്നെ സ്വത്തിൽ നിന്ന് ബലമായി പുറത്താക്കാൻ ശ്രമിച്ചുവെന്ന് ഉടമ ആരോപിച്ചു. ഇതിന് മറുപടിയായി, അവർക്കെതിരെ ഒരു ഇൻജക്ഷൻ കേസ് ഉടമ ഫയൽ ചെയ്തു. അത് നിലവിൽ സിറ്റി സിവിൽ കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ ഈ മാസം ആദ്യം ദഗ്ഗുബതി കുടുംബം ഗുണ്ടകളുമായെത്തി ഹോട്ടൽ പൊളിച്ചു. തുടർന്ന് ഉടമ നമ്പള്ളി കോടതിയെ സമീപിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.