രംഗറെഡ്ഡി ; തെലങ്കാനയിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ മിർസാഗുഡയ്ക്ക് സമീപം ചെവല്ല മണ്ഡലിലാണ് അപകടമുണ്ടായത് . ടിപ്പർ ഡ്രൈവറും കൊല്ലപ്പെട്ടു. 12 ഓളം പേർക്ക് പരിക്കേറ്റു. തണ്ടൂർ ഡിപ്പോയിൽ നിന്നുള്ള ആർടിസി ബസ് മണൽ നിറച്ച ടിപ്പർ ട്രക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടസമയത്ത് ബസിൽ 70 ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ടിപ്പർ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടിപ്പർ ലോറിയിൽ നിറച്ച ചരൽ ബസിനുള്ളിൽ വീണതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
നാട്ടുകാരും പോലീസും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർ ചെവല്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി . . ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ഉടൻ ഹൈദരാബാദിലെ ആശുപത്രികളിലേക്ക് മാറ്റാൻ തെലങ്കാന ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനും (ഡിജിപി) മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ട് നിർദ്ദേശം നൽകിയതായും പരിക്കേറ്റവർക്ക് ഒരു കുറവും കൂടാതെ ചികിത്സ നൽകുന്നുണ്ടെന്നും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. അപകടസ്ഥലത്തിന് സമീപമുള്ള മന്ത്രിമാരോട് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനും സാധ്യമായ എല്ലാ സഹായവും നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു

