ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിലെ പന്ത്രണ്ട് പ്രതികളെ വിട്ടയച്ച ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. പ്രതികളുടെ ജയിൽ മോചനത്തെ ബാധിക്കാത്ത തരത്തിലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസുമാരായ എം എം സുന്ദരേശ്, എൻ കോടീശ്വർ സിംഗ് എന്നിവർ വ്യക്തമാക്കി. പ്രതികളെ വിട്ടയച്ച ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിന്മേലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
പ്രതികളെ വിട്ടയച്ച നടപടി മക്കോക്ക നിയമ പ്രകാരം വിചാരണ നടക്കുന്ന മറ്റ് കേസുകളെ ബാധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. മക്കോക്ക നിയമ പ്രകാരം അറസ്റ്റിലായ മറ്റ് പ്രതികൾ, ഹൈക്കോടതി വിധി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൾ കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴച പറ്റി എന്ന് ചൂണ്ടിക്കാട്ടിയാണ് മലയാളികൾ ഉൾപ്പെടെയുള്ള 12 പേരെ ജൂലൈ 21ന് ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയുമാണ് വിധിച്ചിരുന്നത്.

