ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ദുരന്തം.
വിജയ്യെ കാണാനെത്തിയ ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ ഉണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നിരവധി പേർ കുഴഞ്ഞുവീഴുകയും ചെയ്തു. സ്ഥലത്ത് ഉൾക്കൊള്ളാൻ കഴിയാത്ത വിധം ആളുകൾ തടിച്ച് കൂടിയതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി സ്ത്രീകളും കുട്ടികളും ഇൾപ്പെട്ടിട്ടുള്ളതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു
റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർക്ക് മാത്രമാണ് കോടതി അനുമതി നൽകിയിരുന്നത്. അൻപതിനായിരം പേർക്ക് ഒത്തുകൂടാനുള്ള സൗകര്യം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് രണ്ട് ലക്ഷത്തോളം പേർ പരിപാടിക്ക് എത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു. സെക്രട്ടറിയേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം അർദ്ധരാത്രിയിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തിര ധനസഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് സർക്കാർ- സ്വകാര്യ ആശുപത്രികൾ പണം ഈടാക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു.
അപകടത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് വിജയ് അറിയിച്ചു. ദുരന്തത്തെ തുടർന്ന് റാലി അടിയന്തിരമായി നിർത്തിവെച്ച് വിജയ് ചെന്നൈക്ക് മടങ്ങി. ദുരന്തത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിന് കത്തയച്ചു. രാഷ്ട്രപതി ദ്രൗപദി മുർമ്മു, ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ എന്നിവർ അപകടത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ അനുശോചിച്ചു. തമിഴ്നാട് സർക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.

