ന്യൂഡൽഹി : രാജ്യത്തിന് നൊമ്പരമായി ഇന്ന് പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം . വീരമൃത്യു വരിച്ച 40 സൈനികരുടെ സ്മരണയ്ക്ക് മുന്നിൽ രാജ്യം ആദരവ് അർപ്പിക്കുന്നു. ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരൻ അദീൽ അഹമ്മദ് ദാർ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 2,500-ലധികം സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച 78 വാഹനങ്ങളുടെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു.
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. ചാവേർ ബോംബർ എത്തിയ കാറിൽ 80 കിലോഗ്രാം ആർഡിഎക്സും അമോണിയം നൈട്രേറ്റും ഉൾപ്പെടെ 300 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വൻ സ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നു. നൂറ് മീറ്ററോളം മൃതദേഹങ്ങൾ ചിതറിക്കിടക്കുകയായിരുന്നു.
പിന്നാലെ വന്ന ബസുകൾക്കും കേടുപാടുകൾ സംഭവിച്ചു. ചാവേർ ബോംബർ ഇടിച്ച 76-ാം ബറ്റാലിയൻ ബസിൽ 40 പേരുണ്ടായിരുന്നു. മരിച്ചവരിൽ 82-ാം ബറ്റാലിയനിലെ ജവാൻ വസന്തകുമാർ എന്ന മലയാളി സൈനികനും ഉൾപ്പെടുന്നു. പാക് ഭീകരർ നടത്തിയ ഈ ആക്രമണത്തിന് ഇന്ത്യ ബാലകോട്ട് വ്യോമാക്രമണത്തിലൂടെ പ്രതികരിച്ചു. 2019 ഫെബ്രുവരി 26-ന്, സിആർപിഎഫ് ജവാൻമാരുടെ വീരമൃത്യുവിന് പ്രതികാരം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ട് മേഖലയിലെ ഭീകര ക്യാമ്പ് ആക്രമിച്ചു. വ്യോമാക്രമണത്തിൽ മുന്നൂറോളം ഭീകരർ കൊല്ലപ്പെട്ടു.

