പട്ന : ബീഹാർ സർക്കാരിന്റെ കെട്ടിട നിർമ്മാണ വകുപ്പ് അടുത്തിടെ റാബ്രി ദേവിക്ക് സർക്കാർ വസതി ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു . പ്രതിപക്ഷ നേതാവിന് പകരം വസതിയും നൽകി. എന്നാൽ 10 സർക്കുലർ റോഡിലെ വസതി റാബ്രി ഒഴിയില്ലെന്നാണ് ആർജെഡി സംസ്ഥാന പ്രസിഡന്റ് മംഗാനി ലാൽ മണ്ഡൽ പറയുന്നത് . അത് ലാലുപ്രസാദിന് അപമാനമാണെന്നും ആർ ജെ ഡി പറയുന്നു . ഇപ്പോൾ, ബീഹാർ ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സാമ്രാട്ട് ചൗധരി ഈ പ്രസ്താവന തള്ളിക്കളഞ്ഞ് രംഗത്തെത്തി.
“ജനങ്ങളാണ് ഈ സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. ഇത് ജനങ്ങളുടെ വീടാണ്. ഇത് ഒരു വ്യക്തിയുടെയും വീടല്ല. ഇത് ആരുടെയും പൂർവ്വിക സ്വത്തല്ല. മുൻ മുഖ്യമന്ത്രിമാർക്ക് വീട് ലഭിക്കില്ലെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും തീരുമാനിച്ചിട്ടുണ്ട്. അവർക്ക് അതിനുള്ള അവകാശം പോലുമില്ല,
പ്രതിപക്ഷ പാർട്ടിയുടെ നേതാവെന്ന നിലയിൽ അവർക്ക് (റാബ്റി ദേവിക്ക്) അർഹമായത് ലഭിച്ചു. ആർജെഡി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന ഞാൻ കേട്ടു, ഇതാണ് ഞാൻ പൊതുജനങ്ങളോട് പറയാറുണ്ടായിരുന്നത്… ഇവർ അരാജകവാദികളും ഗുണ്ടകളുമാണ്. അവർ പോകില്ലെന്ന് അവർക്ക് എങ്ങനെ പറയാൻ കഴിയും? സർക്കാർ അത് നിങ്ങൾക്ക് നൽകി, ഇപ്പോൾ സർക്കാർ നിങ്ങൾക്ക് മറ്റൊന്ന് തന്നു. ഇത് സർക്കാരിന്റെ ജോലിയാണ്…
നിങ്ങൾ പ്രതിപക്ഷ പാർട്ടിയുടെ നേതാവാണ്, അവർ നിങ്ങൾക്ക് ബഹുമാനം നൽകും, പക്ഷേ നിങ്ങൾ അരാജകത്വത്തിന്റെ ഭാഷ സംസാരിക്കുന്നു, നിങ്ങൾ ഒഴിഞ്ഞു പോകില്ലെന്ന് പറയുന്നു. ആരാണ് നിങ്ങൾക്ക് ഈ അവകാശം നൽകിയത്?കോടതിയാണ് ആര് എവിടെ താമസിക്കണമെന്ന് തീരുമാനിക്കുന്നത്. തോറ്റ ഒരാൾക്ക് സർക്കാർ വീട്ടിൽ എങ്ങനെ താമസിക്കാൻ കഴിയും? അവർ ഒഴിഞ്ഞു പോകുമോ ഇല്ലയോ എന്ന് കോടതി തീരുമാനിക്കും. ‘ – സാമ്രാട്ട് ചൗധരി പറഞ്ഞു.

