ന്യൂഡൽഹി : ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ പ്രശംസിച്ച് സമാജ്വാദി പാർട്ടി എംപി അഫ്സൽ അൻസാരി . ജില്ലയിലെ വൈദ്യുതി വിതരണത്തെക്കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷം ഗാസിപൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഐക്യത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ സമീപകാല പരാമർശങ്ങളെ അൻസാരി സ്വാഗതം ചെയ്തു.
“രാജ്യത്തിന് ഐക്യവും സാഹോദര്യവും ആവശ്യമാണെന്നും വെറുപ്പിന്റെ വ്യാപാരം അവസാനിപ്പിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഇത് സ്വാഗതാർഹമാണ്, ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. മറ്റ് മതനേതാക്കളും ഈ പാഠം പഠിക്കണം,” അൻസാരി പറഞ്ഞു.
“ആർഎസ്എസിനെക്കാൾ വലിയ ഒരു സംഘടനയും ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നില്ല. എല്ലാ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ഒരു ശിവലിംഗം തിരയുന്നത് രാജ്യത്തെ ദുർബലപ്പെടുത്തുമെന്ന് ആർഎസ്എസിന്റെ തലവൻ പറഞ്ഞാൽ, ഈ പ്രസ്താവന ഗൗരവമായി കാണണം. അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ സ്വാഗതം ചെയ്യുന്നു, മറ്റുള്ളവരും അദ്ദേഹത്തിന്റെ പോസിറ്റീവ് സന്ദേശത്തെ സ്വാഗതം ചെയ്യണം. ഇസ്ലാം ഒരു പുതിയ മതമല്ല, അത് ഇന്ത്യയിൽ വളരെക്കാലമായി നിലവിലുണ്ട്, മോഹൻ ഭഗവത് ഈ സത്യം വ്യക്തമാക്കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയ്ക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കുടുംബമില്ലെന്നും, താൻ ലൈസൻസുള്ള ഒരു കുടുംബത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അഫ്സൽ അൻസാരി പറഞ്ഞു . ലൈസൻസില്ലാത്ത കുടുംബത്തെക്കുറിച്ചല്ല. സർവ്വശക്തൻ അവരെ കുട്ടികളെ നൽകി അനുഗ്രഹിക്കാത്തത് അവരുടെ ദൗർഭാഗ്യമാണ്” എന്നും അൻസാരി പറഞ്ഞു.
ഇസ്ലാം പുരാതന കാലം മുതൽ ഇന്ത്യയിൽ ഉണ്ടെന്നും, ഭാവിയിലും നിലനിൽക്കുമെന്നുമാണ് മോഹൻ ഭഗവത് പറഞ്ഞത് . ഇന്ത്യയിൽ ഇസ്ലാമിന് എപ്പോഴും ഒരു സ്ഥാനമുണ്ടാകുമെന്നും , ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെയാണെന്നും അവരുടെ ആരാധനാ രീതി മാത്രമാണ് വ്യത്യസ്തമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ പരസ്പര വിശ്വാസം നിലനിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെ നിരവധി മതനേതാക്കളാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

