ന്യൂഡൽഹി : റഷ്യ -യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ രംഗത്തിറങ്ങുകയാണ്. ഇരു രാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന നയതന്ത്രശ്രമങ്ങളുടെ വിശദാംശങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. റഷ്യയും,യുക്രെയിനുമായും മാത്രമല്ല ഇരു രാജ്യങ്ങളുടെയും പിന്തുണക്കാരായ രാജ്യങ്ങളുമായും ഇന്ത്യ നയതന്ത്ര ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയുടെ മധ്യസ്ഥതയിൽ അബുദാബിയിൽ റഷ്യയും, യുക്രെയ്നും സമാധാന ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നത് . ‘ കരിങ്കടൽ കപ്പൽ ഗതാഗതം, ധാന്യം, ഊർജ്ജ കയറ്റു മതി, ആക്രമണം നിർത്തിയ വയ്ക്കൽ ‘ എന്നിവ മുൻ നിർത്തിയാണ് ചർച്ചകൾ നടക്കുന്നത് .
പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായും, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യ മധ്യസ്ഥശ്രമങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടത്. ഒമ്പത് മാസത്തിനു ശേഷമാണ് റഷ്യ-യുക്രെയ്ൻ ചർച്ചകൾ നടക്കുന്നത് .ഇന്ത്യ മൂന്ന് ഭാഗങ്ങളുള്ള ഉടമ്പടിയാണിപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത് . ഇത് ലഭിച്ച നിരവധി നിർദ്ദേശങ്ങളിൽ ഏറ്റവും സമഗ്രമാണെന്നാണ് യുക്രെയ്ൻ വിശേഷിപ്പിച്ചിരിക്കുന്നത്.
അബുദാബിയിൽ നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായും സെലെൻസ്കി യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടിയിരുന്നു. ‘ ഭക്ഷ്യ ഇടനാഴിയുടെ വിഷയത്തിൽ, ഞങ്ങൾ ഇരുപക്ഷവുമായും ആശയങ്ങൾ കൈമാറി, മേഖലയിൽ സമാധാനം തിരിച്ചുവരുന്നതിന് ഇന്ത്യ ഇരുപക്ഷവുമായും താൽപ്പര്യമുള്ള കക്ഷികളുമായും ബന്ധം തുടരുന്നു ‘ എന്നാണ് സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
ഊർജ്ജ സൗകര്യങ്ങൾക്കും, മറ്റ് നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ ആക്രമണങ്ങൾ തടയുക, കരിങ്കടലിലെ വാണിജ്യകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുക, പ്രാദേശികതുറമുഖങ്ങളിലൂടെ ധാന്യങ്ങളുടെയും, ഊർജ്ജ വിതരണങ്ങളുടെയും നീക്കം നിലനിർത്തുക എന്നിവയാണ് ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്ന ഉടമ്പടിയിൽ ഉൾക്കൊള്ളുന്നതെന്നാണ് സൂചന.

