തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച അധിക കേന്ദ്രവൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജമന്ത്രാലയം. 150 മെഗാവാട്ട് ആണ് സംസ്ഥാനത്തിന് അധികമായി ലഭിക്കുന്നത് . നവംബർ 15 ന് കാലാവധി തീരാനിരിക്കെയാണ് നടപടി. കേരളത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് വിഹിതം നീട്ടിയത് . സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധി സമയത്താണ് കേന്ദ്രം അധികം വൈദ്യുതി വിഹിതം നൽകി തുടങ്ങിയത്.
അതേസമയം വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. കെഎസ്ഇബി മുൻ ചെയർമാൻ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി കരാറും മന്ത്രിയെ മുൻ കൂട്ടി അറിയിച്ചിട്ടില്ലെന്നാണ് വിവരം. വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ചതിലും മന്ത്രിയ്ക്ക് കടുത്ത നീരസമുണ്ട്.
ഹിമാചലിൽ നിന്നും ജി എൻ എ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വൈദ്യുതി വാങ്ങതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ച്ചയായി വിവാദങ്ങൾ ശക്തമായിരുന്നു. ഇന്നലെ രണ്ടിടത്ത് നിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. ഇതോടെ വിവാദങ്ങൾ കെട്ടടങ്ങിയെന്നാണ് കരുതിയിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തൻ്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.മഹാരാഷ്ട്രയിലെ സിന്നാർ താപനിലയത്തിൽ നിന്നും വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നും എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമാണ് സണ്ണി ജോസഫ് പറയുന്നത്.
താൻ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് നേരത്തെ യുഡിഎഫ് കൺവീനറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപി സി സി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫും അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. കെഎസ്ഇബിയെയും വകുപ്പ് മന്ത്രിയെയും സംശയനിഴലിൽ നിർത്തുന്ന നീക്കങ്ങളാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്.
നവംബർ, ഡിസംബർ മാസങ്ങളിൽ കടുത്ത വൈദ്യുതി ക്ഷാമമുണ്ടാകാമെന്നും , ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങണമെന്നും പറഞ്ഞ് എം ജി രാജമാണിക്യം മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിന്മേൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് പിന്നിൽ ദുരൂഹതയുണ്ടെന്നും , ആരുടെയൊക്കെയോ വ്യക്തിതാല്പര്യങ്ങൾ ഉണ്ടെന്നുമാണ് ആരോപണം.

