ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുകയാണ് പൊതുമേഖലാ ജീവനക്കാർ. ഇതിന്റെ പശ്ചാത്തലത്തിൽ ഇവരെ അനുനയിപ്പിക്കാൻ സർക്കാർ ചർച്ചകൾ തുടരുകയാണ്. ദിവസങ്ങൾ നീണ്ട ചർച്ചയ്ക്ക് ശേഷം ജീവനക്കാരുടെ ശമ്പളം 10.5 ശതമാനം വർധിപ്പിച്ചുകൊണ്ടുള്ള പുതിയ കരാർ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് തൊഴിലാളി സംഘടനകൾ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച വർധന് പ്രകാരം തൊഴിലാളികൾക്ക് വേതനം നൽകാൻ വൻ തുകയാണ് ഖജനാവിൽ നിന്നും ചിലവാകുക.
മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് അയർലൻഡിന്റെ പൊതുമേഖലയിൽ ജോലി ചെയ്യുന്നത്. പുതിയ തീരുമാന പ്രകാരം ഇവർക്ക് ശമ്പളം നൽകണമെങ്കിൽ ഇനി 500 കോടി യൂറ അധികമായി ചിലവഴിക്കേണ്ടിവരും. 2029 വരെ നീണ്ട് നിൽക്കുന്ന കരാറാണ് ഇതെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഇത്രയും കാലം ശമ്പളം നൽകുന്നതിനാണ് ഇത്രയും തുക അധികമായി വിനിയോഗിക്കേണ്ടതായി വരുന്നത്. ഇതിന് പുറമേ പെൻഷനുകൾ ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾക്കും അധികമായി സർക്കാർ പണം കണ്ടെത്തേണ്ടതുണ്ട്.

