ന്യൂഡൽഹി : കോൺഗ്രസ് നേതാവും, മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിയ്ക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നെന്നും , അത് അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും സോണിയാഗാന്ധി. ഇന്ന് പുറത്തിറങ്ങിയ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന ആത്മകഥയിലാണ് സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ.
അതേസമയം പ്രണബ് പ്രധാനമന്ത്രി പദം ആഗ്രഹിച്ചെങ്കിൽ അതിൽ തെറ്റില്ലെന്നും പതിറ്റാണ്ടുകളുടെ രാഷ്ട്രീയ – ഭരണപരിചയവും , കഴിവും കഠിനാധ്വാനവുമുള്ള ഒരാൾക്ക് അത്തരമൊരു ആഗ്രഹം തോന്നുന്നത് സ്വാഭാവികമാണെന്നും പ്രണബിന്റെ മകൾ ശർമ്മിഷ്ഠ മുഖർജി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
യുപിഎ ഭരണകാലത്ത് സർക്കാരും പാർട്ടിയുമായുള്ള ഏകോപനം ഉറപ്പാക്കാൻ പ്രധാനമന്ത്രിയോടൊപ്പം ഒരു കോർ ഗ്രൂപ്പ് ആഴ്ച്ച തോറും യോഗം ചേർന്നിരുന്നതായി സോണിയ തന്റെ പുസ്തകത്തിൽ പറയുന്നു. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന പ്രണബ് മുഖർജി, എ കെ ആന്റണി, അർജുൻ സിംഗ്, അഹമ്മദ് പട്ടേൽ എന്നിവരായിരുന്നു അംഗങ്ങൾ . പാർലമെന്റിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ തീരുമാനിക്കാനും പതിവായി യോഗം ചേർന്നിരുന്നു.
ധനമന്ത്രിയായിരുന്ന പി ചിദംബരവുമായി പ്രണബ് മുഖർജിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. 2010 ൽ നേതൃമാറ്റത്തിന് സമയമായി എന്ന നിർദേശം പ്രണബ് മുന്നോട്ട് വച്ചു. അതെന്നെ ഞെട്ടിച്ചു. പ്രധാനമന്ത്രിയാകാനുളള പ്രണബിന്റെ ആഗ്രഹത്തിന്റെ സൂചനയായാണ് ഞാൻ അതിനെ കണ്ടത്.ഞാൻ തന്ത്രപരമായി വിഷയം മാറ്റി. പ്രണബ് നിരാശനായെങ്കിലും അത് മനസിൽ വച്ച് പെരുമാറിയിട്ടില്ല “ – എന്നാണ് സോണിയ പറയുന്നത് .
ഇതിന് മറുപടിയായാണ് പ്രണബിന്റെ ആഗ്രഹം സ്വാഭാവികമാണെന്ന് ശർമ്മിഷ്ഠ പ്രതികരിച്ചത് . ‘ രാഷ്ട്രീയത്തിലും, ഭരണരംഗത്തും പതിറ്റാണ്ടുകളുടെ രാഷ്ട്രീയ , ഭരണ പരിചയമുള്ള കഠിനാധ്വാനിയും ബുദ്ധിശാലിയുമായ ഒരാൾക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടാകുന്നത് തെറ്റാണോ ? സാധാരണ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹം നേട്ടങ്ങളുണ്ടാക്കിയത് കഠിനാധ്വാനവും , കഴിവും കൊണ്ടാണ് അല്ലാതെ കുടുംബപാരമ്പര്യത്തിന്റെ പേരിൽ അല്ല . അർഹതയുള്ള ഒരാൾ പ്രധാനമന്ത്രിപദം ആഗ്രഹിക്കുന്നതിൽ തെറ്റെന്താണ് ? നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാൾ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിച്ചതും അത് തുറന്ന് പറയാൻ ധൈര്യം കാണിച്ചതുമാണോ സോണിയയെ ഞെട്ടിച്ചതെന്നുമാണ് ശർമ്മിഷ്ഠ ചോദിക്കുന്നത് .

