ന്യൂഡൽഹി : തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യത്തിലേയ്ക്ക് സിന്ധുനദീജലം എത്താൻ അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തെലങ്കാനയിൽ ബിജെപി സംഘടിപ്പിച്ച ബൗദ്ധിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയ്ക്ക് വളമിടുന്ന പാകിസ്ഥാന് ഇന്ത്യ നൽകിയ താക്കീതായിരുന്നു സിന്ധുനദീജലത്തിന് ഏർപ്പെടുത്തിയ നിയന്ത്രണമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
‘ സ്വന്തം ഭാഷയിൽ സമാധാനത്തിന്റെയും, ഐക്യത്തിന്റെയും ഭാഷ മനസിലാകാത്തവരോട് എങ്ങനെ പ്രതികരിക്കണമെന്ന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയ്ക്കെതിരെ ആക്രമണമുണ്ടായാൽ പാകിസ്ഥാനിലേയ്ക്കുള്ള ധാന്യത്തിന്റെയും, ജലത്തിന്റെയും വിതരണം നിർത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമായി താക്കീത് നൽകിയിട്ടുണ്ട്. പഹൽഗാമിലെ ഭീകരാക്രമണത്തിന് കാരണക്കാരായവർ ഞങ്ങളിൽ നിന്ന് വെള്ളം പ്രതീക്ഷിക്കരുതെന്ന് പറഞ്ഞാണ് സിന്ധൂനദീജല കരാർ നമ്മൾ നിർത്തി വച്ചത്.
സിന്ധുനദിയിലെ ജലം തീവ്രവാദികളുടെ രക്ഷാധികാരികളിലേയ്ക്കും, മനുഷ്യരാശിയുടെ ശത്രുക്കളിലേയ്ക്കും എത്താൻ ഞങ്ങൾ അനുവദിക്കില്ല . ഇന്ന് ലോകത്ത് വിശ്വസനീയമായ ഒരു പങ്കാളിയാണ് ഇന്ത്യ. കോവിഡ് മഹാമാരിയുടെ കാലത്തടക്കം ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങളെ ഇന്ത്യ സഹായിച്ചിട്ടുണ്ട്. ഇന്ത്യയെ ലോകസഹോദരൻ ആയിട്ടാണ് പല രാജ്യങ്ങളും കാണുന്നത്. എന്നാൽ ഇന്ത്യയിൽ വാക്സിൻ മാത്രമല്ല ബ്രഹ്മോസ് മിസൈലും ഉണ്ടെന്ന കാര്യം ശത്രുക്കൾ മറക്കരുത് ‘ എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കോൺഗ്രസ് രാജ്യത്തെ ഒരു പ്രത്യേക കുടുംബത്തിന്റെ അധീനതയിലുള്ള സ്വത്തായാണ് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. ‘ ജനങ്ങളുടെ വിശ്വാസം നേടാൻ പ്രവർത്തിക്കുന്നതിനു പകരം തന്റെ സമയം വരാൻ കാത്തിരിക്കുകയാണ് രാഹുൽ. ഇന്ത്യൻ ബജറ്റിലെ ഓരോ രൂപയും ഇന്ത്യയുടേ സുരക്ഷയ്ക്കും, വികസനത്തിനുമാണ് ഉപയോഗിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനെ പറ്റി ഞങ്ങൾക്ക് ആശങ്കകളില്ല.
അടുത്ത തലമുറയ്ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഞങ്ങളുടെ ലക്ഷ്യങ്ങൾ വളരെ വ്യക്തമാണ് . ഞങ്ങളുടെ വാക്കുകൾക്കും, പ്രവർത്തികൾക്കും തമ്മിൽ വ്യത്യാസമില്ലെന്നും ‘ രാജ്നാഥ് സിംഗ് പറഞ്ഞു.

