ഡബ്ലിൻ: ഐറിഷ് കടൽ കടക്കുന്ന വടക്കൻ അയർലൻഡിലെ ഫെറി യാത്രികർക്കും പാസ്പോർട്ട് നിർബന്ധമാക്കണമെന്ന് ആവശ്യം. സിൻ ഫെയ്ൻ നീതി വക്താവ് മാറ്റ് കാർത്തിയാണ് ഇത് സംബന്ധിച്ച ആവശ്യം ഉയർത്തിയത്. യുകെയിലേക്ക് ഫെറിയിൽ സഞ്ചരിക്കുന്ന ഐറിഷ് യാത്രികർക്ക് അടുത്ത മാസം മുതൽ പാസ്പോർട്ട് നിർബന്ധമാക്കിയിരിക്കുകയാണ്. ഈ നിയമത്തിൽ വടക്കൻ അയർലൻഡിനെയും ഉൾപ്പെടുത്തണം എന്നാണ് ആവശ്യം.
നൂറ്റാണ്ടുകൾ പഴക്കമുള്ള കോമൺ ട്രാവൽ ഏരിയ കരാർ പ്രകാരം, ഐറിഷ്, ബ്രിട്ടീഷ് പൗരന്മാർക്ക് അയർലൻഡിനും ബ്രിട്ടണും ഇടയിൽ യാത്ര ചെയ്യാൻ നിയമപരമായി പാസ്പോർട്ട് ആവശ്യമില്ല. എന്നാൽ ഇത് ഇനി തുടരേണ്ടതില്ലെന്നാണ് തീരുമാനം. അടുത്ത മാസം 28 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽവരിക. ബ്രിട്ടണും അയർലൻഡിനും ഇടയിൽ യാത്ര ചെയ്യുന്ന ചില യാത്രികരുടെ മാത്രം പരിശോധന കർശനമാക്കുന്നതിൽ അർത്ഥമില്ലെന്ന് മാറ്റ് കാർത്തി അഭിപ്രായപ്പെട്ടു.

