ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പോലീസുകാരെ ആക്രമിച്ചവർ അറസ്റ്റിൽ. രണ്ട് യുവാക്കളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ഡൺമുറി മേഖലയിൽവച്ചായിരുന്നു ഇവർ പോലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിന് പുറമേ പോലീസ് വാഹനത്തിനും ഇവർ കേടുപാടുകൾ ഉണ്ടാക്കി.
ഗ്ലെൻ റോഡിൽ മൊബൈൽ പട്രോളിംഗ് നടത്തുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെ വെള്ളി നിറത്തിലുള്ള നിസ്സാൻ ജൂക്ക് അമിത വേഗതയിൽ അവിടേയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇവർ റോഡരികിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. ഈ സമയം അകത്ത് രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റു.

