തൃശ്ശൂർ ; ചേലക്കോട് ടാങ്കർ ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശിയായ ഷമീർ (42), പാലക്കാട് മണ്ണാർക്കാട് സ്വദേശി ജോസഫ് (53) എന്നിവരാണ് മരിച്ചത്. ചായ കുടിക്കാൻ എത്തിയതാണ് ഇരുവരും .
ചായക്കട ഉടമ നെയ്തുകുളങ്ങര ഹൗസിലെ ശശിധരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മിൽമ പാൽ കൊണ്ടുപോകുന്ന ലോറിയാണ് ചേലക്കോട് സെന്ററിന് സമീപമുള്ള വളവിൽ വച്ച് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറിയത് . അപകടത്തെത്തുടർന്ന് ഷമീറും ജോസഫും ലോറിക്കടിയിൽ കുടുങ്ങി. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് അവരെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേലക്കര പോലീസ് കേസെടുത്തു.

