കൊൽക്കത്ത : ബംഗാളി സംസാരിക്കുന്നവർ നേരിടുന്ന പീഡനങ്ങളിൽ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ബംഗാളി സംസാരിക്കുന്നവർ റോഹിംഗ്യകളാണെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ തെളിയിക്കൂ എന്നും അവർ വെല്ലുവിളിച്ചു. ബംഗാളി കുടിയേറ്റ തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിൽ പ്രതിഷേധിച്ച് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കും മറ്റ് പാർട്ടി നേതാക്കൾക്കും ഒപ്പം പ്രതിഷേധത്തിനിറങ്ങിയതാണ് മുഖ്യമന്ത്രി മമത ബാനർജി .
“ബംഗാളി സംസാരിക്കുന്നവർ റോഹിംഗ്യകളാണെന്ന് തെളിയിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും വോട്ടർ പട്ടികയിൽ നിന്ന് ബംഗാളി കുടിയേറ്റക്കാരുടെ പേരുകൾ നീക്കം ചെയ്തുകൊണ്ട് ബിജെപി തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു . മഹാരാഷ്ട്രയിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തുകൊണ്ടാണ് ബിജെപി വിജയിച്ചത്. ഇപ്പോൾ ബീഹാറിലും അവർ അതുതന്നെ ചെയ്യുന്നു. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ ബിജെപി പദ്ധതിയിടുന്നു. ഞങ്ങൾ അവരോട് നേരിട്ട് പോരാടും‘ മമത ബാനർജി പറഞ്ഞു.
ബംഗാളിൽ നിന്നുള്ള 22 ലക്ഷം കുടിയേറ്റ തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിലായി ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ കൈവശം സാധുവായ തിരിച്ചറിയൽ രേഖകളുണ്ടെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ടിഎംസി പ്രവർത്തകരും അനുയായികളും പ്രതിഷേധത്തിൽ പങ്കെടുത്തു.

