ന്യൂഡൽഹി : പിഎം കിസാൻ തുടങ്ങിയ പദ്ധതികളിലൂടെ കർഷകരെ സഹായിക്കുന്ന കേന്ദ്രസർക്കാർ മറ്റൊരു സുപ്രധാന ചുവടുവയ്പ്പിന് ഒരുങ്ങുന്നു. കർഷകർക്കായി ദേശീയ ഹെൽപ്പ് ലൈൻ സേവനം ആരംഭിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. . ഡൽഹി എൻസിആർ മേഖലയിൽ ഇതിനായി കോൾ സെൻ്റർ സ്ഥാപിക്കും. ഇതൊരു ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ആയിരിക്കും. രാജ്യത്തിൻ്റെ ഏത് കോണിൽ നിന്നുള്ള കർഷകരുടെ കോളുകൾക്കും 24 മണിക്കൂറും മറുപടി ലഭിക്കും.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര കൃഷി മന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ്റെ ആശയമാണിത്. കാർഷിക മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും ഈ പദ്ധതികളിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത് . രാജ്യത്തുടനീളം ഒരു ഹെൽപ്പ് ലൈൻ നമ്പർ മാത്രമേയുള്ളൂ.
ശിവരാജ് സിംഗ് ചൗഹാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത്തരമൊരു കർഷക ഹെൽപ്പ് ലൈൻ പദ്ധതിയെക്കുറിച്ച് സൂചന നൽകിയിരുന്നു. 2025 ൻ്റെ ആദ്യ പാദത്തോടെ പ്രോജക്റ്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകും. ടെലികമ്മ്യൂണിക്കേഷൻസ് കൺസൾട്ടൻ്റ്സ് ഇന്ത്യ എന്ന കമ്പനിയാണ് ഈ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചത്.
ലാൻഡ് ഫോണിൽ നിന്നും മൊബൈൽ നമ്പറുകളിൽ നിന്നും രാജ്യത്തിൻ്റെ ഏത് കോണിൽ നിന്നും വിളിക്കാം. കന്നഡ ഉൾപ്പെടെ 22 ഭാഷകളിൽ സേവനം ലഭ്യമാകും.