ഹൈദരാബാദ്: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി വിവാഹം കഴിക്കുകയും, ഭാര്യയെ നിർബന്ധിച്ച് മതം മാറ്റുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ മൗണ്ട് ബഞ്ചാര കോളനിയിൽ നിന്നുള്ള പാകിസ്ഥാൻ സ്വദേശിയായ ഫഹദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫഹദിനെതിരെ നിർബന്ധിത മതപരിവർത്തനം, വിവാഹം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഭാര്യ കീർത്തി നൽകിയ പരാതിയിലാണ് നടപടി. 2016 ൽ ഫഹദ് തന്നെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേയ്ക്ക് മാറ്റിയതായും, പേര് ദോഹ ഫാത്തിമ എന്ന് മാറ്റിയതായും കീർത്തി ആരോപിച്ചു.
തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുമായി ഫഹദിന് അവിഹിത ബന്ധമുണ്ടെന്ന് കീർത്തി അടുത്തിടെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കീർത്തി ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടർന്ന് ഫഹദിനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു.
.1998-ൽ ഫഹദ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി ഹൈദരാബാദിൽ സ്ഥിരതാമസമാക്കുകയായിരുന്നു. പാസ്പോർട്ട് പുതുക്കലിനായി ഫഹദ് പതിവായി പാക് കമ്മീഷണറുടെ ഓഫീസ് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഈ വിവരം തന്നിൽ നിന്ന് മറച്ചുവെച്ചെന്നും കീർത്തി പരാതിയിൽ പറയുന്നു. നിലവിൽ കീർത്തി ഇപ്പോൾ ഫഹദിനെ വിവാഹമോചനം ചെയ്ത് ഹിന്ദുമതത്തിലേക്ക് തിരികെ വരാൻ മതം മാറാൻ തീരുമാനിച്ചിരിക്കുകയാണ്.
“എന്റെ ആദ്യ വിവാഹമോചനത്തിനുശേഷം, ഹൃദയം തകർന്ന നിലയിലായിരുന്നു , എന്റെ മകൾക്ക് ഒരു പിന്തുണ തേടുകയായിരുന്നു. ഫഹദ് എന്റെ സാഹചര്യം മുതലെടുത്ത് എന്നെ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചു. അദ്ദേഹവും കുടുംബവും പാകിസ്ഥാനികളാണെന്ന് എനിക്കറിയില്ലായിരുന്നു. അടുത്തിടെയാണ് അവരുടെ പാക് ബന്ധത്തെക്കുറിച്ച് ഞാൻ അറിഞ്ഞത്, അതിനുശേഷം ഞാൻ നിയമ നടപടി സ്വീകരിച്ചു,” കീർത്തി പറഞ്ഞു.
കീർത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫഹദിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലങ്കർഹൗസ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബി. വെങ്കട്ട് രാമുലു പറഞ്ഞു.

