ന്യൂഡല്‍ഹി : അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി ഓയോയില്‍ മുറിയില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല.
ഓയോയില്‍ മുറിയെടുക്കുന്ന പങ്കാളികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ ചെക്കിന് സമയത്ത് ഹാജരാക്കണം. ഓണ്‍ലൈന്‍ ബുക്കിങ്ങിനും ഇതു ബാധകമായിരിക്കും. ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഓയോ അറിയിച്ചു.
ഓയോ ഹോട്ടലുകളില്‍ അവിവാഹിതരായ പങ്കാളികളെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യമുണ്ടായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോള്‍ത്തന്നെ, സമൂഹത്തോടുള്ള ഉത്തരവാദിത്തവും തിരിച്ചറിയുന്നു എന്നായിരുന്നു ഓയോയുടെ ഉത്തരേന്ത്യ മേധാവി പവാസ് ശര്‍മ ഇതെക്കുറിച്ച് പ്രതികരിച്ചത്.