ന്യൂഡൽഹി ; ‘വോട്ട് ചോറി’ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാനുള്ള സാധ്യത പ്രതിപക്ഷം പരിഗണിക്കുന്നുണ്ടെന്ന് സൂചന . ഇത് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കും എന്നാണ് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗർഹി വ്യക്തമാക്കിയത്. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പുറത്താക്കുന്നതിന് പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ് . അത് പ്രതിപക്ഷത്തിന് ലഭിക്കാൻ സാധ്യത കുറവാണ്.
ഇന്ത്യയുടെ വോട്ടിംഗ് പ്രക്രിയയുടെ സുതാര്യതയെ വിമർശിച്ച പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാർ രംഗത്തെത്തിയിരുന്നു . രാഹുൽ ഏഴ് ദിവസത്തിനുള്ളിൽ തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്നും, അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
ഓഗസ്റ്റ് 7-ന് നടത്തിയ പത്രസമ്മേളനത്തിൽ, രാഹുൽ ഗാന്ധി വോട്ടിംഗ് പ്രക്രിയയിൽ നിരവധി ക്രമക്കേടുകൾ ആരോപിച്ചിരുന്നു. എന്നാൽ വോട്ടർപട്ടികയും വോട്ടും വെവ്വേറേ വിഷയങ്ങളാണെന്നും രണ്ടിനും രണ്ടു നിയമമാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുമ്പോഴാണ് കള്ളവോട്ടാകുന്നത്. വോട്ടർ പട്ടികയിൽ ഒന്നിലേറെയിടത്ത് പല കാരണങ്ങളാൽ ഒരാളുടെ പേരു വരാം. അത് തിരുത്താൻ പ്രത്യേക തീവ്ര പരിശോധന നടത്താറുണ്ട്.
ബീഹാറിലെ ഏഴ് കോടിയിലധികം വോട്ടർമാർ കമ്മീഷനൊപ്പമുണ്ട്. എന്നിട്ടും വോട്ട് തട്ടിപ്പ് എന്ന വ്യാജ കഥ പ്രചരിക്കുന്നുണ്ട്. വോട്ടിംഗ് മെഷീനിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു. അനുമതിയില്ലാതെ വോട്ടർമാരുടെ ചിത്രങ്ങൾ ഉപയോഗിച്ചു. എത്ര പേർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നുണ്ട്? കേരളത്തിൽ ഉൾപ്പെടെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ, വോട്ടെടുപ്പ് ദിവസം മുതൽ ഫലപ്രഖ്യാപനം വരെ, പരാതിയുമായി കോടതിയെ സമീപിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തുകൊണ്ട് ഹർജി ഫയൽ ചെയ്തില്ല? ഇത്രയും ദിവസങ്ങൾക്ക് ശേഷം ഒന്നും ചെയ്യാതെ പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യം എന്താണ്? കർണാടകയിൽ ഉന്നയിക്കുന്ന പരാതികളും അടിസ്ഥാനരഹിതമാണ്,’ എന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

