ഹൈദരാബാദ് : തങ്ങൾ ഇന്ത്യൻ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവരാണെന്ന് മെറ്റാ പോളിസി ടീം. മെറ്റയുടെ നിയമങ്ങൾ സുതാര്യമാണെന്നും കോൺഗ്രസ് പ്രതിനിധി സംഘവുമായുള്ള ചർച്ചയിൽ ടീം വ്യക്തമാക്കി. നേരത്തെ ഹൈദരാബാദിലെ മെറ്റ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ അക്രമത്തിന് പിന്നാലെയായിരുന്നു ഇരു കൂട്ടരും തമ്മിലുള്ള കൂടിക്കാഴ്ച്ച.
കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും നേതാക്കളുടെ പോസ്റ്റുകൾ കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾക്ക് വഴങ്ങി മെറ്റ നിയന്ത്രിക്കുന്നുവെന്നായിരുന്നു ആരോപണം .ഇതിന്റെ പേരിൽ ഹൈദരാബാദിൽ മാത്രമല്ല ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ചർച്ചയിൽ രാഹുലിന്റെ ചില പോസ്റ്റുകൾ മെറ്റ നിയന്ത്രിക്കുന്നതായും കോൺഗ്രസ് പ്രതിനിധി സംഘം ആരോപിച്ചു.
നവംബർ 20 ന് ഹൈദരാബാദിലെ മെറ്റ ഓഫീസിൽ നടന്ന പ്രതിഷേധത്തിനിടെ പൂച്ചട്ടികൾ വരെ തകർത്ത കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പരിസരത്തും നാശനഷ്ടങ്ങളുണ്ടാക്കി. സംസ്ഥാന പ്രസിഡന്റ് ജക്കിഡി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാനെന്ന പേരിൽ എത്തിയവരാണ് അക്രമം നടത്തിയത് . മെറ്റയ്ക്കും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രവർത്തകർ എത്തിയതും.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ്മ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മെറ്റ സസ്പെൻഡ് ചെയ്തതായാണ് ജക്കിഡി ശിവ ചരൺ റെഡ്ഡി പ്രതിഷേധത്തിനിടെ ആരോപിച്ചത്. അക്രമം അഴിച്ചു വിട്ട പ്രവർത്തകരെ പൊലീസെത്തിയാണ് നീക്കം ചെയ്തത്. തങ്ങളുടെ നേതാക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ചില്ലെങ്കിൽ രാജ്യത്തുടനീളമുള്ള മെറ്റ ഓഫീസുകളിലേക്ക് ഇരച്ചുകയറുമെന്നും , സമരം നടത്തുമെന്നും യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയയിലും ഭീഷണി മുഴക്കി.

