ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ 6 ആഴ്ചയ്ക്കിടെ 16 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെടുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജൈവ-രാസായുധ പ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് വിവരം. പകർച്ചവ്യാധിയുടെ സാധ്യതകളും വിദഗ്ധർ തള്ളുകയാണ്. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും എന്നാണ് വിവരം.
2024 ഡിസംബർ 7 മുതലാണ് രജൗറിയിലെ ബുധാൽ ഗ്രാമത്തിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങുന്നത്. ഇതുവരെ ഗ്രാമത്തിലെ 5700 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ വൈറസിന്റെയോ ബാക്ടീരിയയുടെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. വിഷം നൽകിയതാണോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ജമ്മു കശ്മീർ പോലീസിനൊപ്പം കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിഭാഗങ്ങളിലെ വിദഗ്ധരുമുണ്ട്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷവസ്തുവാകാം മരണങ്ങൾക്ക് പിന്നിൽ എന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മരണപ്പെട്ടവരെല്ലാം തന്നെ സമാനമായ ലക്ഷണങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. എല്ലാവരുടെയും തലച്ചോറിൽ നീർക്കെട്ട് ഉൾപ്പെടെയുള്ള സങ്കീർണ്ണതകൾ ഉണ്ടായിരുന്നു. ജനുവരി 17നാണ് അവസാന മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ രോഗബാധിതയായ 15 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഡിസംബറിൽ ഒരു കുടുംബത്തിലെ 7 പേർ അസുഖബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ 5 പേർ മരിക്കുകയും ചെയ്തു. ഡിസംബർ 12ന് മറ്റൊരു കുടുംബത്തിലെ 9 പേർക്കും സമാനമായ രോഗലക്ഷണങ്ങൾ പ്രകടമായി. ഇതിൽ 3 പേർ മരിച്ചു.
ഒരു മാസത്തിനുശേഷം 10 പേർക്ക് അസുഖം ബാധിച്ചു. ഇതിൽ 5 കുട്ടികൾ മരിച്ചു. 1.5 കിലോമീറ്ററിനുള്ളിലാണ് മരണങ്ങളുണ്ടായ 3 വീടുകളും സ്ഥിതി ചെയ്യുന്നത്. ഇവർ സമൂഹ അന്നദാനത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്. കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം എന്നീ ലക്ഷണങ്ങളോടെയാണ് രോഗബാധിതർ ചികിത്സ തേടിയത്.