ബെംഗളൂരു : ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. ടെർമിനൽ 1 ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു.സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർക്ക് പരിക്കേറ്റു . ടാക്സി ഡ്രൈവർ സുഹൈൽ അഹമ്മദ് അറസ്റ്റിലായി. ഇയാൾ ജയനഗർ സ്വദേശിയാണ്.അക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ടെർമിനൽ 1 ന് സമീപമാണ് സംഭവം.നീണ്ട കത്തി വീശിക്കൊണ്ട് അഹമ്മദ് ടാക്സി ഡ്രൈവർമാരുടെ അടുത്തേക്ക് ഓടുന്നത് വീഡിയോയിൽ കാണാം . നേരത്തെയുണ്ടായ തർക്കത്തിന് പ്രതികാരമായിട്ടാണ് ആക്രമണം.
വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ എത്തിയാണ് അഹമ്മദിനെ കീഴടക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ സിഐഎസ്എഫ് പങ്ക് വച്ചിട്ടുണ്ട്.
നവംബർ 16 ന് അർദ്ധരാത്രിയോടെ, ബെംഗളൂരു വിമാനത്താവളത്തിലെ ടി 1 അറൈവൽ ഏരിയയിൽ രണ്ട് ടാക്സി ഡ്രൈവർമാർക്ക് നേരെ കത്തിയുമായി ഒരാൾ ആക്രമണം നടത്തി. “എഎസ്ഐ/എക്സി സുനിൽ കുമാറും സംഘവും വേഗത്തിൽ പ്രവർത്തിച്ചു, അക്രമിയെ കീഴടക്കി കത്തി കണ്ടെടുത്തു, – സിഐഎസ്എഫ് പറഞ്ഞു.

