മുംബൈ : മഹാരാഷ്ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ചാണ് വെടിവെച്ചത്. വെടിവെച്ച ജയൻ ശിവാനന്ദൻ നായർ (51) പൊലീസ് പിടിയിലായി.അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ മലയാളിയായ ജയൻ വെടിയുതിർക്കുകയായിരുന്നു. അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു.
കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇന്നലെയും അക്രമികൾ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടി വെച്ചത്.
താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്നാണ് ജയൻ പൊലീസിനോട് പറഞ്ഞത്. യുവാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ജയൻ ശിവാനന്ദൻ നായർ യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചത്. ജയൻ കരസേനയിൽ സൈനികനായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

