ചെന്നൈ: എവിഎം സ്റ്റുഡിയോയുടെ ഉടമയും നിർമ്മാതാവുമായ എം ശരവണൻ അന്തരിച്ചു. 86 വയസായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു . എവിഎം ശരവണൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ചലച്ചിത്ര നിർമ്മാതാവ് എ വി മെയ്യപ്പൻ ചെട്ടിയാരുടെ മൂന്നാമത്തെ മകനായ ശരവണൻ 1958 ലാണ് എവിഎം സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തത്. ഏതാനും വർഷങ്ങൾക്കുള്ളിൽ, തമിഴ് ചലച്ചിത്ര മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി അദ്ദേഹം മാറി.
ശരവണൻ കഴിഞ്ഞ ദിവസമാണ് തന്റെ 86-ാം ജന്മദിനം ആഘോഷിച്ചത്. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണി വരെ എവിഎം സ്റ്റുഡിയോയിൽ പൊതുദർശനത്തിന് വയ്ക്കും . എവിഎം ഇലക്ട്രിക് ശ്മശാനത്തിലാണ് സംസ്ക്കാരം.
സൂപ്പർതാരങ്ങളായ എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ എന്നിവരുടെ ചിത്രങ്ങൾ ശരവണൻ നിർമ്മിച്ചിട്ടുണ്ട്. നാനും ഒരു പെൺ, സംസാരം അതുമിൻസാരം, ശിവാജി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ എവിഎം നിർമ്മിച്ചിട്ടുണ്ട്. 1986-ൽ മദ്രാസ് നഗരത്തിൻ്റെ ‘ഷരീഫ്’ എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചു. ചലച്ചിത്ര നിർമ്മാതാവ് കൂടിയായ എം എസ് ഗുഹൻ മകനാണ്.

