പലർക്കും, വിശ്വാസ് കുമാർ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് . ദൈവം തൊട്ടനുഗ്രഹിച്ചയാൾ . . 241 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ AI-171 വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് 40 കാരൻ വിശ്വാസ് കുമാർ രമേശ്. എന്നാൽ ഈ അതിജീവനം ഒരു അത്ഭുതവും അതുപോലെ തന്നെ ശാപവുമാണെന്നാണ് വിശ്വാസ് കുമാർ പറയുന്നത് .
ജൂൺ 12 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിംഗ് 787 ഡ്രീംലൈനർ നിമിഷങ്ങൾക്കകം ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചുകയറി തകരുകയായിരുന്നു . വിമാനത്തിലുണ്ടായിരുന്ന 241 പേരിൽ, 11A അടിയന്തര എക്സിറ്റിന് സമീപം ഇരുന്നിരുന്ന രമേശ് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ഏതാനും സീറ്റുകൾ അകലെ ഇരുന്നിരുന്ന അദ്ദേഹത്തിന്റെ ഇളയ സഹോദരൻ അജയും അപകടത്തിൽ മരിച്ചു.
24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രമേശിനെ കണ്ടിരുന്നു. “ഞാൻ എങ്ങനെ ജീവിച്ചുവെന്ന് എനിക്കറിയില്ല “ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.. ഡിഎൻഎ സ്ഥിരീകരണത്തിന് ശേഷം സഹോദരന്റെ മൃതദേഹം കുടുംബത്തിന് കൈമാറിയ അതേ ദിവസം ജൂൺ 17 ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.
എന്നാൽ ലെസ്റ്ററിൽ തിരിച്ചെത്തിയ രമേഷ്, ആ ദിവസത്തെ ഓർമ്മകൾ തന്നെ വേട്ടയാടുന്നുവെന്നാണ് പറയുന്നത് . “ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. എന്റെ ഭാര്യയുമായും മകനുമായും സംസാരിക്കാതെ ഞാൻ എന്റെ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നു. എന്റെ വീട്ടിൽ തനിച്ചിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു,” അദ്ദേഹം ബിബിസിയോട് പറഞ്ഞു.
കഴിഞ്ഞ നാല് മാസമായി എന്റെ അമ്മ എല്ലാ ദിവസവും വാതിലിനു പുറത്ത് ഇരിക്കുന്നു, പക്ഷെ എനിക്ക് സംസാരിക്കാനാകുന്നില്ല, ഞാൻ ആരോടും സംസാരിക്കുന്നില്ല. എനിക്ക് കൂടുതലൊന്നും സംസാരിക്കാൻ കഴിയില്ല. ഞാൻ രാത്രി മുഴുവൻ ചിന്തിക്കുന്നു, മാനസികമായി കഷ്ടപ്പെടുന്നു. ഇത് കുടുംബത്തിനും വേദനാജനകമാണ്.” രമേശ് പറയുന്നു.
അദ്ദേഹത്തിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ശാരീരിക വേദനയും മാനസിക ആഘാതവും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞു . രമേശിനെ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയതായും ബന്ധുക്കൾ പറഞ്ഞു.

