ബഹ്റൈച്ച് ; ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിലെ പ്രതിയെ നഗ്നനാക്കി കാളവണ്ടിയിൽ കെട്ടി നടത്തിച്ച് നാട്ടുകാർ . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പോലീസ് കേസെടുത്തു. പുറത്ത് വന്ന വീഡിയോയിൽ, 22 വയസ്സുള്ള ഒരു യുവാവിനെ നഗ്നനാക്കി കാളവണ്ടിയിൽ കെട്ടിയിട്ടിരിക്കുന്നത് കാണാം. ചിലർ യുവാവിനെ അക്രമിക്കാൻ തെരുവ്നായ്ക്കളെ പ്രോത്സാഹിപ്പിക്കുന്നതും കാണാം.
വീഡിയോ വൈറലായതിനെ തുടർന്ന് യുവാവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം ആക്രമണം, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അജ്ഞാതരായ വ്യക്തികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് രമേശ് പാണ്ഡെ പറഞ്ഞു.
ഏപ്രിൽ 3 നാണ് സംഭവം നടന്നതെന്നും, സംഭവത്തിൽ രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ള വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, സാമുദായിക സംഘർഷത്തിന് തെളിവുകളൊന്നുമില്ല. എങ്കിലും, മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

