ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് താലിബാന്റെ ശക്തമായ ഡ്രോൺ ആക്രമണം . റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം, ക്വറ്റയിലെ 12-ാം കോർപ്സ് ആസ്ഥാനം, ഖൈബർ പഖ്തുൻഖ്വയിലെ ഖ്വിസു ക്യാമ്പ് തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങൾ ആക്രമിക്കപ്പെട്ടു.
അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതെന്ന് താലിബാൻ പറഞ്ഞു. ഓപ്പറേഷനിൽ കാമികാസെ ഡ്രോണുകൾ ഉപയോഗിച്ചതായി അഫ്ഗാൻ അവകാശപ്പെട്ടു. പാകിസ്ഥാൻ വ്യോമാക്രമണത്തെത്തുടർന്ന് കാബൂളിലും ബഗ്രാമിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആക്രമണങ്ങൾ. കൂടുതൽ പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി.
രാജ്യം അഫ്ഗാനിസ്ഥാനുമായി “തുറന്ന യുദ്ധ”ത്തിലാണെന്ന് നേരത്തെ, പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞിരുന്നു . വ്യോമാക്രമണത്തിൽ 270 താലിബാൻ പോരാളികൾ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. സമാധാന ചർച്ചകൾ പരാജയപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന്, താലിബാൻ ഇന്ത്യയ്ക്ക് വേണ്ടി ഒരു “പ്രതിനിധി”യായി പ്രവർത്തിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചു.
എന്നാൽ 55 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നും പ്രധാന പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ജലാലാബാദിന് മുകളിലൂടെ പറന്ന ഒരു പാകിസ്ഥാൻ യുദ്ധവിമാനം വെടിവച്ചിട്ടതായും പൈലറ്റിനെ ജീവനോടെ പിടികൂടിയതായും അഫ്ഗാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ, പാകിസ്ഥാൻ ഈ അവകാശവാദം നിഷേധിച്ചു.
ഡ്യൂറണ്ട് ലൈൻ എന്നറിയപ്പെടുന്ന 2,611 കിലോമീറ്റർ നീളമുള്ള അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയെച്ചൊല്ലിയുള്ള തർക്കങ്ങളുമായി ഈ സംഘർഷം ബന്ധപ്പെട്ടിരിക്കുന്നു. അഫ്ഗാനിസ്ഥാൻ ഈ അതിർത്തി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. “ഓപ്പറേഷൻ ഗസബ് ഉൽ ഹഖ്” എന്ന് വിളിക്കപ്പെടുന്ന പാകിസ്ഥാന്റെ സൈനിക നടപടി മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുന്നതാണ്.

