ടെഹ്റാൻ : ഇസ്രായേലിലെ നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ . ഇന്ന് രാവിലെ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചുവെന്ന് ഐആർജിസി വ്യക്തമാക്കി . എന്നാൽ നിലവിൽ നെതന്യാഹു എവിടെയാണെന്ന കാര്യം അജ്ഞാതമാണ് . എന്നാൽ നെതന്യാഹുവിന്റെ ഓഫീസിനു നേരെയുള്ള ആക്രമണം ഇസ്രായേൽ പൂർണ്ണമായും നിഷേധിച്ചു. അതേസമയം, ഇസ്രായേലിനെതിരായ ഇറാൻറെ പുതിയ മിസൈൽ ആക്രമണത്തിന് ശേഷം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് വരുന്ന മിസൈലുകൾ സംബന്ധിച്ച ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ടെൽ അവീവിലും ജറുസലേമിലും സൈറണുകൾ മുഴങ്ങുന്നുണ്ട്. ജറുസലേമിലെ അൽ-ഖുദ്സിൽ വൻ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്.
ഇറാനെതിരായ ആദ്യ ആക്രമണത്തിൽ രണ്ട് മുതിർന്ന ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പ്രസ്താവന പുറത്തിറക്കി . തിങ്കളാഴ്ച പുറത്തിറക്കിയ സൈനിക പ്രസ്താവനയിൽ, സയ്യിദ് യഹ്യ ഹമീദി, ജലാൽ പുർ ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും പറയുന്നു. “ഇറാനിലും വിദേശത്തും ജൂതന്മാരെയും പാശ്ചാത്യ ഘടകങ്ങളെയും ഭരണകൂടത്തിന്റെ എതിരാളികളെയും ലക്ഷ്യമിട്ട് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് ഹമീദി എന്നും ” പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയത്തിലെ ചാരവൃത്തി വകുപ്പിന്റെ തലവനായിരുന്നു ഹുസൈൻ എന്നും പ്രസ്താവനയിൽ പറയുന്നു.

