പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് . സ്ത്രീ പ്രവേശനത്തെ എതിർക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു . നിലവിലെ ഉത്തരവിനെതിരായ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്നും വിധിയെ എതിർക്കുമെന്നും കെ ജയകുമാർ പറഞ്ഞു.
‘ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ബോർഡ് വിശദമായി ചർച്ച ചെയ്തു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. ബോർഡിന് ഇത് സംബന്ധിച്ച് ആശയക്കുഴപ്പമില്ല, ഞങ്ങൾ ഭക്തർക്കൊപ്പമാണ്. സ്ത്രീ പ്രവേശനത്തെ ദേവസ്വം ബോർഡ് ഒരിക്കലും പിന്തുണച്ചിട്ടില്ല. വ്യക്തികൾ അതിനെ പിന്തുണച്ചിരിക്കാം. 2020 ൽ അഭിഭാഷകൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു. ഇത് വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കും.
ശബരിമല തീർത്ഥാടനത്തിന് പ്രത്യേക ബജറ്റ് ഉണ്ടാകും. ശബരിമലയിൽ വിശദമായ ബജറ്റ് ഉണ്ടായിട്ടില്ല. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം, വരുമാന ചോർച്ച തടയാനും കഴിയും. ശബരിമലയിൽ കൃത്യമായ കണക്കെടുപ്പ് ഉറപ്പാക്കാനും ഇത് സഹായിക്കും.
കാലാകാലങ്ങളിൽ മുൻകൂർ നൽകുന്ന രീതി മാറ്റുന്നതിലൂടെ, കൂടുതൽ കാര്യങ്ങൾ പ്രൊഫഷണലായി ചെയ്യാൻ കഴിയും. വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ ടെൻഡർ രീതി അവതരിപ്പിക്കും. ലേലം എടുക്കുന്നവരുടെ കുത്തക ഇല്ലാതാക്കുന്നതിലൂടെ കാര്യങ്ങൾ കൂടുതൽ സുതാര്യമാകും. സ്പോൺസർഷിപ്പിൽ സുതാര്യത ഉറപ്പാക്കും. ബോർഡ് ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് മാത്രമേ സ്പോൺസർഷിപ്പ് ഉണ്ടാകൂ. താൽപ്പര്യം പ്രകടിപ്പിക്കുന്നവരിൽ നിന്ന് നേരിട്ട് സ്പോൺസർഷിപ്പ് സ്വീകരിക്കും. ഇതിനായി ഇടനിലക്കാർ ഉണ്ടാകില്ല,’ ജയകുമാർ വ്യക്തമാക്കി.

