പട്ന ; വഖഫ് നിയമത്തെക്കുറിച്ചുള്ള ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പരാമർശത്തിനെതിരെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ . മുസ്ലീം പ്രീണനത്തിന്റെ രാഷ്ട്രീയം ബീഹാറിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റിനും ഇന്ത്യൻ ഭരണഘടനയ്ക്കും എതിരായ അപമാനമാണിതെന്നും അദ്ദേഹം പറഞ്ഞു .പട്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ . “ഇത് ഇന്ത്യൻ പാർലമെന്റിനോടും, ഇത് ഇന്ത്യൻ ഭരണഘടനയോടുമുള്ള അപമാനമാണ്. നിയമം നിർമ്മിച്ചു, തേജസ്വി യാദവ് പറയുന്നത് ഞങ്ങൾ ഈ നിയമം ചവറ്റുകുട്ടയിൽ എറിയുമെന്നാണ്. മുസ്ലീം പ്രീണനത്തിന്റെ വെറുപ്പുളവാക്കുന്ന രാഷ്ട്രീയം ബീഹാറിലെ ജനങ്ങൾക്ക് മനസ്സിലാകും. നവംബർ 6, 11 തീയതികളിൽ പൊതുജനങ്ങൾ ഇതിന് മറുപടി നൽകും.”അദ്ദേഹം പറഞ്ഞു.
നേരത്തെ, ബീഹാറിൽ സഖ്യം അധികാരത്തിൽ വന്നാൽ വഖഫ് നിയമം ചവറ്റുകുട്ടയിലേക്ക് എറിയുമെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു . ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് ബീഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ വഖഫ് നിയമം റദ്ദാക്കുമെന്ന് ആർജെഡി നേതാവ് ഖാരി സൊഹൈബും അവകാശപ്പെട്ടിരുന്നു . പ്രതിപക്ഷ പാർട്ടികൾ എതിർത്ത മാരത്തൺ ചർച്ചയ്ക്ക് ശേഷമാണ് വഖഫ് (ഭേദഗതി) ബിൽ പാർലമെന്റ് പാസാക്കിയത്. ഈ വർഷം ഏപ്രിൽ 5 ന് രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകി.
അതേസമയം 243 സീറ്റുകളുള്ള ബീഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളായി നടക്കും, ഫലം നവംബർ 14 ന് പ്രഖ്യാപിക്കും. ബീഹാറിൽ, ഭരണകക്ഷിയായ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎയും ആർജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ ‘മഹാഘത്ബന്ധൻ’ ഉം തമ്മിലാണ് പ്രധാന മത്സരം.

