ചെന്നൈ: കരൂർ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ മുമ്പാകെ ഹാജരാകാൻ നടനും തമിഴഗ വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റുമായ വിജയ് ഇന്ന് ഡൽഹിയിലെത്തും. പാർട്ടി പ്രചാരണ പരിപാടിക്കിടെയാണ് 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 179 പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഏജൻസി നോട്ടീസ് നൽകിയിരുന്നു. 2025 സെപ്റ്റംബർ 27 ന് കരൂർ ജില്ലയിൽ നടന്ന ടിവികെ പ്രചാരണ പരിപാടിക്കിടെ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ അന്വേഷണം അടുത്തിടെയാണ് സിബിഐ ഏറ്റെടുത്തത്.
സുപ്രീം കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. അതിനുശേഷം സിബിഐ ഡൽഹിയിലെ നിരവധി മുതിർന്ന ടിവികെ പ്രവർത്തകരെ ചോദ്യം ചെയ്തു. തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾ വീഡിയോ ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി, വിജയ് പരിപാടിയിൽ ഉപയോഗിച്ച പ്രചാരണ വാഹനം സിബിഐ പരിശോധിക്കുകയും അതിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തു.
നേരത്തെ, സിബിഐ അന്വേഷണത്തിന് ഉത്തരവിടാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കേസിൽ കുറ്റാരോപിതനായ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും അന്വേഷണ ഏജൻസിയെയോ മോണിറ്ററിംഗ് കമ്മിറ്റിയെയോ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും സംസ്ഥാനം വാദിച്ചിരുന്നു.

