ന്യൂഡൽഹി : ഐ എസ് ആർ ഒയുടെ പുതുവർഷത്തിലെ ആദ്യ ദൗത്യം ഇന്ന് . രാവിലെ 10:17 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പിഎസ്എൽവി-സി62 ദൗത്യം വിക്ഷേപിക്കുക. ഈ ദൗത്യത്തിന്റെ പ്രധാന ആകർഷണം “അൻവേഷ” എന്ന രഹസ്യനാമമുള്ള EOS-N1 ഉപഗ്രഹമാണ്.ഭൂമിയുടെ ചിത്രങ്ങൾ എടുക്കുക മാത്രമല്ല, അതിന്റെ നിജസ്ഥിതികളെ പറ്റി പഠിക്കുകയും ചെയ്യുന്ന ഉപഗ്രഹമായ EOS-N1 ഉൾപ്പെടെ 16 ഉപഗ്രഹങ്ങളെയാണ് ഇന്ത്യയുടെ PSLV-C62 വഹിക്കുന്നത് .
ജലക്ഷാമം നേരിടുന്ന കൃഷിയിടങ്ങൾ, വിളകളുടെ രോഗബാധ, വരൾച്ച ഭീഷണിയുള്ള സ്ഥലങ്ങൾ എന്നിവ അറിയാൻ സഹായകമാകുന്നതാണ് EOS-N1 ഉപഗ്രഹം . ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവയെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിനാൽ ദുരന്തത്തിന് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്താൻ കഴിയും. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിലെ പല രാജ്യങ്ങളുടെയും ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി-സി 62 പറക്കുന്നത് . ബ്രസീൽ, നേപ്പാൾ, തായ്ലൻഡ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഇതിലുണ്ട്.
ഐ എസ് ആർ ഒ യുടെ വാണിജ്യവിഭാഗമായ ന്യൂസ് സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് ആണ് ദൗത്യം ഏറ്റെടുത്ത് നടത്തുന്നത് . രണ്ട് സോളിഡ് സ്ട്രാപ്പ് ഓൺ മോട്ടോറുകളുള്ള പിഎസ്എൽവിയുടെ ഡിഎൽ വേരിയന്റാണ് ഈ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. പിഎസ്എൽവിയുടെ 64-ാമത്തെ ദൗത്യമാണിതെന്ന് ഐഎസ്ആർഒ അറിയിച്ചു.

