ടെഹ്റാൻ : ഇറാനിലെ പ്രതിഷേധങ്ങൾക്ക് മറുപടിയായി സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള “ശക്തമായ ഓപ്ഷനുകൾ” പരിഗണിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .”ഞങ്ങൾ ഇത് വളരെ ഗൗരവമായി പരിഗണിക്കുന്നു. വളരെ ശക്തമായ ചില ഓപ്ഷനുകൾ ഞങ്ങൾ നോക്കുകയാണ്. ഞങ്ങൾ ഒരു തീരുമാനമെടുക്കും,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സൈനിക നടപടിയുടെ വിവരം അറിഞ്ഞ ഇറാന്റെ നേതൃത്വം പ്രത്യേക യോഗം സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ യോഗത്തിന് മുമ്പ് തങ്ങൾക്ക് നടപടിയെടുക്കേണ്ടി വന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കി.ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ രൂക്ഷമാകുമ്പോൾ പ്രതിഷേധക്കാരെ “സംരക്ഷിക്കാൻ” ഇടപെടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
“ഇറാനിൽ ആക്രമണമുണ്ടായാൽ, അധിനിവേശ പ്രദേശങ്ങളും [ഇസ്രായേൽ] എല്ലാ യുഎസ് താവളങ്ങളും കപ്പലുകളും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യമായിരിക്കും” എന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞത്. ഇത്തരത്തിൽ ഇറാനിയൻ നേതാക്കൾ കർശന മുന്നറിയിപ്പ് നൽകിയതോടെയാണ് ട്രംപിന്റെ പുതിയ ഭീഷണി ഉയർന്നത്.
അമേരിക്കൻ താവളങ്ങൾ മാത്രമല്ല, ഇസ്രായേലിനെയും യുഎസുമായി ബന്ധപ്പെട്ട കപ്പലുകളെയും ലക്ഷ്യമിടുന്നുണ്ടെന്നാണ് ഗാലിബാഫ് പറയുന്നത്. അതേസമയം, ഇറാനിൽ യുഎസ് ഇടപെടാനുള്ള സാധ്യത കാരണം ഇസ്രായേൽ ജാഗ്രത വർദ്ധിപ്പിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഫോണിൽ സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിതിഗതികൾ ചർച്ച ചെയ്തു. അതേസമയം, യുഎസിലുള്ള മുൻ ഇറാനിയൻ കിരീടാവകാശി റെസ പഹ്ലവി പ്രതിഷേധക്കാരോട് സർക്കാരിനെതിരെ തെരുവിലിറങ്ങുന്നത് തുടരാൻ അഭ്യർത്ഥിച്ച് രംഗത്തെത്തി.
അതേസമയം, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.ടെഹ്റാനിൽ 26 കെട്ടിടങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. 2,600-ലധികം പേരെ അറസ്റ്റ് ചെയ്തു . പ്രതിഷേധത്തിനിടെ നിരവധി യുവാക്കൾ കൊല്ലപ്പെട്ടു, അതേസമയം അടിയന്തര വാർഡുകൾ പരിക്കേറ്റവരെക്കൊണ്ട് നിറയുകയാണെന്ന് വിദേശ മാധ്യമ റിപ്പോർട്ട് പറയുന്നു.

