ലക്നൗ : എം ബി ബി എസിന് വികലാംഗക്വട്ട വഴി പ്രവേശനം ലഭിയ്ക്കാൻ സ്വന്തം കാൽ വിരൽ മുറിച്ചു മാറ്റി വിദ്യാർത്ഥി . ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് സംഭവം. ലൈൻ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖലീൽപൂർ ഗ്രാമത്തിൽ താമസിക്കുന്ന സൂരജ് ഭാസ്കറാണ് സ്വന്തം കാൽ വിരൽ മുറിച്ചു നീക്കിയത്.
ജനുവരി 18 ന് രാവിലെയാണ് സൂരജ് ഭാസ്കറും സഹോദരൻ ആകാശ് ഭാസ്കറും പോലീസിൽ പരാതി നൽകാൻ എത്തിയത് . അജ്ഞാതരായ ചിലർ കഴിഞ്ഞ രാത്രി, നിർമ്മാണത്തിലിരുന്ന തങ്ങളുടെ വീട്ടിൽ കയറി സൂരജിനെ ക്രൂരമായി ആക്രമിച്ച് കാൽവിരൽ മുറിച്ചുമാറ്റിയെന്നായിരുന്നു പരാതി . ഇതിന്റെ അടിസ്ഥാനത്തിൽ, പോലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം സിറ്റി ഏരിയ സി.ഒ ഗോൾഡി ഗുപ്തയെ ഏൽപ്പിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് ശ്രീവാസ്തവ പറയുകയും ചെയ്തു. സമഗ്രമായ അന്വേഷണത്തിൽ, സൂരജിന്റെ മൊഴികളിൽ നിരവധി പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും കണ്ടെത്തി. മൊബൈൽ ഫോൺ പരിശോധനയിൽ ഒരു യുവതിയുടെ കോൺടാക്റ്റ് നമ്പർ കണ്ടെത്തി. അവരുമായുള്ള സംഭാഷണം സംശയം കൂടുതൽ ബലപ്പെടുത്തി. കൂടാതെ, സൂരജിന്റെ ഡയറിയിൽ നിന്ന് നിർണായകമായ ഒരു സൂചന ലഭിച്ചു, അതിൽ 2026 ൽ താൻ ഒരു എം.ബി.ബി.എസ് വിദ്യാർത്ഥിയാകുമെന്ന് ഉറപ്പാണെന്നും എഴുതിയിരുന്നു.
പോലീസ് അന്വേഷണത്തിൽ സൂരജ് രണ്ടുതവണ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടുവെന്നും പിന്നീട് എംബിബിഎസ് പ്രവേശനത്തിനുള്ള വികലാംഗ സംവരണ ക്വാട്ട മുതലെടുക്കാൻ ശ്രമിച്ച് കാൽവിരൽ മുറിച്ചുമാറ്റിയെന്നും കണ്ടെത്തി. ആക്രമണത്തിന്റെ മുഴുവൻ കഥയും കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി.
സൂരജ് പാർത്ത് ആശുപത്രിയിൽ ചികിത്സയിലാണെന്നും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈൻ ബസാർ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് സതീഷ് സിംഗ് പറഞ്ഞു

