ന്യൂഡൽഹി : രാജ്യത്ത് ആദ്യത്തെ അണ്ടർവാട്ടർ റോഡ് ടണൽ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ . ബ്രഹ്മപുത്ര നദിയിലൂടെ ആവിഷ്ക്കരിക്കാൻ ഒരുങ്ങുന്ന പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമാണ് ഇനി ലഭിക്കാനുള്ളത് . ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിനോട് ചേർന്നുള്ളതിനാൽ തുരങ്കത്തിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. നിർമ്മാണം പൂർത്തിയാകാൻ അഞ്ച് വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
6,000 കോടി രൂപയുടെ ബജറ്റിൽ നുമാലിഗഢിനും ഗോഹ്പൂരിനും ഇടയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണ്ടർവാട്ടർ ടണലിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തിയായി. “ഡിപിആർ തയ്യാറായിക്കഴിഞ്ഞു, പദ്ധതി ഉടൻ തന്നെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും.” എന്നാണ് അസം സർക്കാർ സൂചിപ്പിക്കുന്നത് . പദ്ധതിയുടെ വ്യാപ്തി കാരണം, അന്തിമ അംഗീകാരം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയും നൽകേണ്ടതുണ്ട് .
സാധ്യതാ വിലയിരുത്തൽ നടത്തി അലൈൻമെന്റ് അന്തിമമാക്കിയ ശേഷം, ഗോഹ്പൂരിനെ നുമലിഗഢുമായി ബന്ധിപ്പിക്കുന്ന തുരങ്കവും റോഡ്വേയും ഉൾപ്പെടെ പദ്ധതിയുടെ താൽക്കാലിക നീളം 33.7 കിലോമീറ്ററായി NHIDCL നിശ്ചയിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര നദിയുടെ ഏറ്റവും താഴ്ന്ന അടിത്തട്ടിൽ നിന്ന് ഏകദേശം 32 മീറ്റർ താഴെയായിട്ടാകും തുരങ്കം ആരംഭിക്കുക.
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) ആണ് ഈ പദ്ധതിയുടെ നിർവ്വഹണം കൈകാര്യം ചെയ്യുന്നത്.മണ്ണിന്റെ സ്ഥിരത, ഭൂഗർഭജല ചലനം, അവശിഷ്ട പാറ്റേണുകൾ, ഭൂകമ്പ സാധ്യത എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തൽ വേണമെന്നാണ് നാഷണൽ ബോർഡ് ഫോർ വൈൽഡ്ലൈഫിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദേശം.റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) വിശദമായ പ്രോജക്ട് റിപ്പോർട്ട് ഇതിനായി രൂപപ്പെടുത്തിയിട്ടുണ്ട്.
ബ്രഹ്മപുത്ര നദിക്കടിയിൽ തുരങ്കം നിർമ്മിക്കാനുള്ള പദ്ധതി പ്രതിരോധ, സുരക്ഷാ പരിഗണനകൾ മൂലമാണെന്നും റിപ്പോർട്ടുകളുണ്ട്. മുമ്പ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഇത്തരമൊരു ടണലിന്റെ സാധ്യതകൾ പങ്കുവെച്ചിരുന്നു, “നദിക്ക് കുറുകെ നിരവധി പാലങ്ങളുണ്ടെന്ന് എനിക്ക് അറിയാം. , പക്ഷേ നമുക്ക് വെള്ളത്തിനടിയിൽ ഒരു തുരങ്കം നിർമ്മിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ജമ്മു കശ്മീരിലെ പർവതങ്ങൾക്കിടയിലുള്ള അടൽ തുരങ്കത്തെക്കുറിച്ച് നമുക്കറിയാം. ‘ബ്രഹ്മപുത്ര നദിക്കടിയിൽ ട്രെയിനുകൾക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയുന്ന ഒരു തുരങ്കം നിർമ്മിക്കാൻ കഴിയുമോ?’ എന്ന് ഞാൻ ചിന്തിച്ചു് .
ഇത് വെറും ഒരു സ്വപ്നമാണെന്ന് ഞാൻ കരുതി അത് ഉപേക്ഷിച്ചു. ഒരു ദിവസം ഡൽഹിയിൽ വച്ച് നടന്ന ചർച്ചകൾക്കിടെ ബ്രഹ്മപുത്ര നദിക്കടിയിൽ ഒരു തുരങ്കം നിർമ്മിക്കാമെന്ന് എന്നോട് പറഞ്ഞു. അത് എവിടെ സ്ഥാപിക്കും, എത്ര പണം ആവശ്യമായി വരും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. നുമാലിഗഡിനും ഗോഹ്പൂരിനും ഇടയിൽ ഇത് വരുമെന്ന് ഞങ്ങൾ തീരുമാനിച്ചു, അവിടെ ട്രെയിനുകളും വാഹനങ്ങളും സഞ്ചരിക്കും. ബ്രഹ്മപുത്രയുടെ വടക്കും തെക്കും രണ്ട് തീരങ്ങൾ ഇപ്പോൾ അടുത്തുവരും.” ഹിമന്ത ശർമ്മ പറഞ്ഞു.

