ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ഇൻഡിയ സഖ്യത്തിന്റെ ചലോ ദില്ലി മാർച്ച് ഇന്ന് . രാം ലീല മൈതാനിയിൽ നടക്കുന്ന മാർച്ചിൽ 10 ലക്ഷം പേർ അണിനിരക്കുമെന്നാണ് റിപ്പോർട്ട് .
ഉച്ചക്ക് 12 മണിക്ക് ഡൽഹി കൊണാട് പ്ലേസിലെ മിന്റോ റോഡിൽ നിന്ന് മാർച്ച് രാം ലീല മൈതാനിയിലേക്ക് നീങ്ങും. എസ് എഫ് ഐ രാവിലെ 8 നും, സിപിഎം രാവിലെ 10 നും രാം ലീല മൈതാനിയിലേയ്ക്ക് മാർച്ച് നടത്തി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത് .
കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും, എം എൽ എ മാരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട് . എസ് ഐ ആർ അവസാനിപ്പിക്കണമെന്നും, ഗ്യാനേഷ് കുമാറിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സമരം .
തുറന്ന ബസുകളിൽ മിൻ്റോ റോഡിലേക്ക് എത്തുന്ന രാഹുൽ ഗാന്ധിയും സംഘവും കാൽനടയായി പ്രതിഷേധ വേദിയായ രാംലീല മൈതാനിലേക്ക് പോകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.1.5 കിലോമീറ്റർ ആണ് പദയാത്രയായി പിന്നിടുക. എന്നാൽ പ്രധാനവേദിയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾക്ക് പൊലീസ് അനുമതിയില്ല.
പ്രതിഷേധ വേദിയ്ക്ക് ചുറ്റും 14 സോണുകളിലായി 3500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 250 ഓളം എ ഐ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ കേന്ദ്രസേനയും രംഗത്തുണ്ട്. പത്ത് കമ്പനി സി ആർ പി എഫ് സംഘവും സജ്ജരായി കഴിഞ്ഞു .തിരക്ക് കണക്കിലെടുത്ത് ന്യൂഡൽഹിയിലും, ഓൾഡ് ഡൽഹിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

