ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഇൻഡിയ സഖ്യം നടത്തുന്ന റാലിയിൽ പങ്കെടുക്കില്ലെന്ന് പാറ്റാ പാർട്ടി. തങ്ങൾക്ക് സ്വന്തമായ നിലപാടുണ്ടെന്നും പ്രതിപക്ഷ റാലിയിൽ പങ്കെടുക്കില്ലെന്നുമാണ് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറയുന്നത്. ഇക്കാര്യം അറിയിക്കാനായി തൃണമൂൽ നേതാവ് മമത ബാനർജിയുമായി ദീപ്കെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പാറ്റാ പാർട്ടി നടത്തിയ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന് മമതയോട് ദീപ്കെ നന്ദി അറിയിച്ചു. പ്രതിപക്ഷത്തിന്റെ റാലിയ്ക്ക് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ സ്വതന്ത്രമായ അസ്തിത്വം നിലനിർത്താൻ ആഗ്രഹിക്കുന്നതിനാൽ, രാംലീല മൈതാനത്ത് നടക്കുന്ന പ്രതിപക്ഷ റാലിയിൽ പങ്കെടുക്കില്ലെന്നാണ് ദീപ്കെ വ്യക്തമാക്കിയിരിക്കുന്നത്.
‘ ജന്തർമതറിൽ ഞങ്ങൾ നടത്തിയ ആദ്യ പ്രതിഷേധത്തിന് ശക്തമയാ പിന്തുണ നൽകുകയും , യുവാക്കളുടെ ഈ മുന്നേറ്റത്തിനൊപ്പം ഉറച്ച് നിൽക്കുകയും ചെയ്തതിന് ദീദിയോട് നന്ദി പറയാനാണ് ഞാൻ വന്നത് . സൗരവിനെയും, അശുതോഷിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും ദീദി ഞങ്ങൾക്കൊപ്പം നിന്നു‘ ദീപ്കെ പറഞ്ഞു.
പാറ്റാ പാർട്ടി എന്നത് സ്വതന്ത്രസംഘടനയും, നിഷ്പക്ഷമായ ഒരു വേദിയുമാണ് . ആ അസ്തിത്വം നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നു. രാഷ്ട്രീയ ചേരിതിരിവുകളില്ലാതെ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ പോരാടുന്ന എല്ലാ സംഘടനകൾക്കുമൊപ്പം പാറ്റകളും കാണുമെന്നാണ് ദീപ്കെ പറയുന്നത് . അതേസമയം പാറ്റകളെ മമത ബംഗാളിലേയ്ക്കും ക്ഷണിച്ചിട്ടുണ്ട്.ബംഗാളിലും സമരങ്ങളും മറ്റും ആസൂത്രണം ചെയ്യാനാണ് മമത ദീപ്കെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

