ന്യൂഡൽഹി ; സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ഇന്ന് മുതൽ മൊബൈൽ ഫോണിൽ ദൃശ്യമാകും. സിം എടുക്കാനുപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോണിൽ തെളിയുന്ന കോളിംഗ് നെയിം പ്രസന്റേഷൻ ( സിനാപ്) രാജ്യമാകെ ഇന്ന് മുതൽ നടപ്പിൽ വരുത്താനാണ് കേന്ദ്രനിർദേശം. തുടക്കത്തിൽ 4ജി, 5 ജി മൊബൈലുകളാണ് ഈ സംവിധാനം നടപ്പാലാക്കുക. പല മൊബൈൽ സേവനദാതാക്കളും പദ്ധതി നടപ്പാക്കി കഴിഞ്ഞു.
കോളർ ഐഡി സംവിധാനം ലഭ്യമാകാൻ ഉപയോക്താവ് ഒന്നും ചെയ്യേണ്ടതില്ല. സേവ് ചെയ്ത നമ്പറുകളിൽ നിന്നാണ് കോളെങ്കിൽ ആ പേരായിരിക്കും കാണിക്കുക. ബിസിനസ് കണക്ഷനുകൾക്ക് നിലവിലെ പേരിന് പകരം സ്വന്തം ട്രേഡ്മാർക്ക് പേര് ഉൾപ്പെടുത്താൻ അവസരം നൽകും. പുതിയ ബിസിനസ് കണക്ഷനുകൾക്ക് അതെടുക്കുന്ന സമയത്ത് തന്നെ പ്രിഫേർഡ് നെയിം നൽകാം.

