ഗാന്ധിനഗർ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധുവിനെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിലുള്ള വധുവിന്റെ വീട്ടിലാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് സോണി ഹിമ്മത് റാത്തോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് . വരൻ സാജൻ ബരയ ഒളിവിലാണ്.
കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഏകദേശം ചടങ്ങുകളൊക്കെ പൂർത്തിയായ ശേഷമാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇന്നലെയായിരുന്ന മുഖ്യ ചടങ്ങ് നടക്കേണ്ടിയിരുന്നത്.
ഇന്നലെ രാവിലെ വരൻ യുവതിയുടെ വീട്ടിലെത്തി.വിവാഹത്തിന് ധരിക്കേണ്ട സാരിയെ സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ദേഷ്യത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സാജൻ യുവതിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു. തല ചുമരിൽ ഇടിക്കുകയും ചെയ്തു. ബഹളം കേട്ട് കുടുംബാംഗങ്ങൾ ഉണർന്നപ്പോഴേക്കും സാജൻ സ്ഥലം വിട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും സോണിയുടെ ജീവൻ രക്ഷിക്കാനായില്ല

