പൂഞ്ച് ; നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിൽ പോയി ഭീകരസംഘടനകളിൽ ചേർന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിന്ന്, പൂഞ്ച്, രജൗരി എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് കടത്ത് , തീവ്രവാദ ധനസഹായ ശൃംഖലകൾ എന്നിവയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. ജമ്മു കശ്മീരിലേക്ക് തീവ്രവാദികളുടെ സുരക്ഷിതമായ നുഴഞ്ഞുകയറ്റം ഉറപ്പാക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഏജന്റുമാരായി ഇവർ പ്രവർത്തിക്കുന്നതായി വ്യക്തമായിട്ടുണ്ട്.
പൂഞ്ച് ജില്ലയിൽ നിന്ന് 300 ലധികം ഭീകരരെ പോലീസും വിവിധ രഹസ്യാന്വേഷണ ഏജൻസികളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ തീവ്രവാദ അക്രമം ആരംഭിച്ചതിനുശേഷം പൂഞ്ച് ജില്ലയിൽ നിന്ന് 2,500 പേർ അധിനിവേശ ജമ്മു കശ്മീരിലേക്ക് അനധികൃതമായി കുടിയേറിയതായി സുരക്ഷാ ഏജൻസികൾ പറയുന്നു.
ഇതിൽ 310 പേർ ഇപ്പോഴും തീവ്രവാദ സംഘടനകൾക്കും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കും വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവരിൽ ചിലർ തീവ്രവാദികളുടെ വഴികാട്ടികളാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രജൗരി-പൂഞ്ചിലെ നിയന്ത്രണ രേഖയിലൂടെ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിൽ ഇവർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പൂഞ്ചിലെ അവരുടെ പ്രാദേശിക ശൃംഖലകളുമായും ബന്ധുക്കളുമായും വിവിധ മാർഗങ്ങളിലൂടെ ബന്ധം സ്ഥാപിക്കുക, ആവശ്യമായ വിവരങ്ങൾ നേടുക, ജിഹാദി അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്നിവയ്ക്കായാണ് ഇവരെ ഐ എസ് ഐ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഈ വ്യക്തികളിൽ ഭൂരിഭാഗവും പൂഞ്ച്, മെന്ദാർ, സുരൻകോട്ട്, സബ്ജിയാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സൗദി അറേബ്യ, ദുബായ്, ഒമാൻ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പൂഞ്ച് ജില്ലയിലെ പൗരന്മാരായും ഇവരിൽ പലരും ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ വികാരം പ്രചരിപ്പിക്കാൻ ഇടനിലക്കാരായി പ്രവർത്തിക്കുന്നതും ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

