ഹരിപ്പാട്: അപകടകരമായ രീതിയിൽ പിഞ്ചു കുഞ്ഞുമായി ആനയ്ക്ക് മുന്നിൽ നിന്ന് അഭ്യാസം നടത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി അഭിലാഷിനെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത് . ആനയുടെ താൽക്കാലിക പാപ്പാനാണ് അഭിലാഷ് . ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ കിഴക്കേനടയിലെ വലിയ കൊട്ടാരം വളപ്പിലാണ് സംഭവം . പാപ്പാനെ കൊന്നതിൽ നാലുമാസമായി തളച്ചിരിക്കുന്ന ഹരിപ്പാട് സ്ക്കന്ദൻ എന്ന ആനയ്ക്ക് മുന്നിൽ നിന്നായിരുന്നു കുഞ്ഞുമായുള്ള അഭ്യാസം.
സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. മൃഗത്തോടുള്ള അശ്രദ്ധമായ പെരുമാറ്റം, മനുഷ്യജീവനോ മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജിതിനെ കസ്റ്റഡിയിലെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ആനയുടെ തുമ്പിക്കൈയിൽ നിന്ന് വഴുതി കാലിന് സമീപം വീണ കുഞ്ഞ് ഭാഗ്യവശാലാണ് രക്ഷപ്പെട്ടത് . വീഴുന്നതിനിടെ കുഞ്ഞിന്റെ തല ആനയുടെ കാലിലെ ചങ്ങലയിൽ ഇടിക്കുകയും ചെയ്തു.

