ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് മുതിർന്ന നേതാവ് ഡോ. പ്രവീൺ തൊഗാഡിയ . ബിജ്നോറിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ബംഗ്ലാദേശിൽ ഹിന്ദുക്കളെ തുടർച്ചയായി ലക്ഷ്യമിടുന്നുണ്ടെന്നും തൊഗാഡിയ പറഞ്ഞു. വെനിസ്വേലൻ പ്രസിഡന്റിനെ അമേരിക്ക പുറത്താക്കിയതുപോലെ, ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസിനെ പുറത്താക്കാൻ ഇന്ത്യൻ സർക്കാർ സൈന്യത്തെ അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ 1971-ൽ ബംഗ്ലാദേശിൽ ഇന്ത്യൻ സൈന്യം തങ്ങളുടെ പ്രാഗത്ഭ്യം പ്രകടിപ്പിച്ചിരുന്നു . ആവശ്യമെങ്കിൽ, ഹിന്ദുക്കളെ സംരക്ഷിക്കാൻ ഒരിക്കൽ കൂടി ശക്തമായ നടപടികൾ സ്വീകരിക്കണം. ഭൂരിപക്ഷമായി തുടർന്നാൽ മാത്രമേ രാജ്യത്ത് ഹിന്ദുക്കൾക്ക് സുരക്ഷിതരായി തുടരാൻ കഴിയൂ .ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിയമങ്ങൾ ആവശ്യമാണ്.
മൂന്നിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം, സർക്കാർ ആശുപത്രികളിൽ ചികിത്സ, സർക്കാർ ജോലികൾ, റേഷൻ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാൻ അർഹതയുണ്ടാകരുത് . കൂടാതെ, അത്തരം കുടുംബങ്ങൾക്ക് വോട്ടവകാശം നിഷേധിക്കണം. ബിജ്നോർ, റാംപൂർ, സഹാറൻപൂർ എന്നിവിടങ്ങളിൽ ഹിന്ദു ജനസംഖ്യ തുടർച്ചയായി കുറഞ്ഞുവരികയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഞങ്ങൾക്ക് ദീർഘകാല കുടുംബ ബന്ധമുണ്ട് . ഞങ്ങൾ ആവശ്യപ്പെടുന്നതുപോലെ ഒരു ജനസംഖ്യാ നിയന്ത്രണ നിയമം ഉടൻ നടപ്പിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെക്കുറിച്ച് മാത്രമല്ല, അവിടെ താമസിക്കുന്ന ഹിന്ദുക്കളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുണ്ട്.“ അദ്ദേഹം പറഞ്ഞു.

